ന്യൂഡല്‍ഹി: മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാറും ഗുജറാത്ത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയും ഒക്ടോബര്‍ 2 ന് കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പേര്‍ട്ടുകള്‍.
ഗുജറാത്തിലെ വഡ്ഗാം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ദളിത് നേതാവായ ജിഗ്നേഷ് മേവാനിയെ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്റെ വര്‍ക്കിംഗ് പ്രസിഡന്റാക്കിയേക്കും. അദ്ദേഹത്തിന് നല്‍കുന്ന പദവി എന്തുതന്നെയായാലും ജിഗ്നേഷ് മേവാനി കോണ്‍ഗ്രസില്‍ ചേരുന്നത് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്നില്‍ കണ്ടുള്ള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകളുടെ ഭാഗമാണ്. ജനസംഖ്യയുടെ മൂന്നിലൊന്ന് ദളിതര്‍ ഉള്ള പഞ്ചാബ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്റെ മുന്‍ പ്രസിഡന്റും ഇപ്പോള്‍ സിപിഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്ക് വരുമ്പോള്‍ മറ്റ് ചില ഇടതു നേതാക്കളെയും ഒപ്പം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിനും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും മുമ്പായി ചുറുചുറുക്കുള്ള യുവാക്കളെ പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തിന് അടിവരയിടുന്നു.
പാര്‍ട്ടിയില്‍ തന്റെ ഭാവി പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രാഹുല്‍ ഗാന്ധിയുമായും പ്രിയങ്കാ ഗാന്ധിയുമായും കനയ്യ കുമാര്‍ കൂടിക്കാഴ്ച നടത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ജന്മനാടായ ബീഹാറിലെ ബെഗുസരായിയില്‍ നിന്ന് മത്സരിച്ചെങ്കിലും ബിജെപിയുടെ ഗിരിരാജ് സിംഗിനോട് കനയ്യ കുമാര്‍ പരാജയപ്പെട്ടു.
