തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് എവി ഗോപിനാഥ്. ഏകദേശം 43 വര്‍ഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി പ്രവര്‍ത്തിച്ചിരുന്ന നേതാവിന്റെ രാജി പ്രഖ്യാപനം വാര്‍ത്ത സമ്മേളനത്തില്‍ നടത്തിയത് വളരെ വികാരാധീനനായിട്ടായിരുന്നു.
15 വയസ്സു മുതല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. കോണ്‍ഗ്രസ് എന്റെ ജീവനാഡിയായിരുന്നു. കോണ്‍ഗ്രസ് എന്നും നിറഞ്ഞു നില്‍ക്കണം എന്നാഗ്രഹിച്ചിരുന്ന ഒരാളായിരുന്നു. എന്റെ ഗ്രാമത്തിലെ കോണ്‍ഗ്രസിനെ ശക്തി കേന്ദ്രമാക്കുന്നതിന് വേണ്ടി പഞ്ചായത്തിലെ സാധാരണക്കാരായ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹായത്തോടെ വലിയ പോരാട്ടം നടത്തി. ഏകദേശം 43 വര്‍ഷം കേരളത്തിലെ കോണ്‍ഗ്രസിന്റെ ഉരുക്ക് കോട്ടയായി നിലനിര്‍ത്താന്‍ സാധിച്ചു. അതിന്റെ ഗുണം പാലക്കാട് ജില്ലയുടെ എല്ലാ ഭാഗത്തും എത്തിക്കാന്‍ സാധിച്ചു. ഗോപിനാഥ് പറഞ്ഞു.
പാര്‍ട്ടിയില്‍ കണ്ടു വരുന്ന സംഭവങ്ങളും സംഭവ വികാസങ്ങളും വര്‍ഷങ്ങളായി മനസ്സിനെ വേദനിപ്പിക്കുകയും പോരാട്ടങ്ങളെ മനസ്സിനെ വിഷമിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക സാഹചര്യം എല്ലാ ദിവസവും സൃഷ്ടിച്ചു വരികയാണ്. പലപ്പോഴും എങ്ങനെ മുമ്പോട്ട് കഴിയും എന്ത് ചെയ്യും എന്ത് ചെയ്യണം എന്നതിനെക്കുറിച്ചുള്ള ആശയ സംഘട്ടനങ്ങള്‍ ഹൃദയത്തിനകത്ത് നടന്നു വരികയാണ്. എന്നെങ്കിലും ഈ വിഷയങ്ങള്‍ക്കെല്ലാം ഒരു പരിഹാരം കണ്ട് സ്വാതന്ത്ര്യ സമര സേനാനികളുടെ മനസ്സിനകത്ത് ഉണ്ടായിരുന്ന ഒരു കോണ്‍ഗ്രസ് ഞങ്ങളുടെയെല്ലാം സ്വപ്നമായിരുന്നു. എന്നാല്‍ നിര്‍ഭാഗ്യമെന്ന് പറയട്ടെ കോണ്‍ഗ്രസിനും കോണ്‍ഗ്രസിന്റെ നേതാക്കന്മാര്ക്കും ഉയരാന്‍ കഴിയില്ല എന്നുള്ള ഒരു ചിന്ത പാര്‍ട്ടി പ്രവര്‍ത്തകരുടെ മനസ്സിനകത്ത് വന്ന് ചേര്‍ന്നാല്‍ നമുക്ക് ആരെയും കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ നിമിഷം മുതല്‍ കോണ്ഗ്രസുകാരന് അല്ലാതായി മാറിയിരിക്കുന്നുവെന്നും നിലവില്‍ മറ്റു പാര്‍ട്ടിയിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
