കൊല്ലം : സംസ്ഥാനത്തെ ബസ് യാത്രക്കാരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. എന്നാല്‍ ദീര്‍ഘദൂരയാത്രക്കാരില്‍ സ്ത്രീകളുടെ എണ്ണം കുറവാണ്. താമസിക്കാന്‍ സുരക്ഷിതവും സൗകര്യപ്രദവുമായ സ്ഥലം കിട്ടാത്തതിനാല്‍ സ്ത്രീകള്‍ രാത്രിയാത്ര ഒഴിവാക്കുന്നു. ഇതിനു പരിഹാരംകാണാനും, ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കാനും ‘സേഫ് സ്റ്റേ’
പദ്ധതിയുമായി കെ എസ് ആര്‍ ടി സി.
ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും രാത്രി എത്തുന്ന സ്ത്രീകള്‍ക്ക് ബസ് ഡിപ്പോകളോടുചേര്‍ന്ന് സ്ഥലമുള്ളിടത്തെല്ലാം കുറഞ്ഞചെലവില്‍ താമസസൗകര്യം ഒരുക്കാനാണ് ഉദ്ദേശിക്കുന്നത്. 44 ഡിപ്പോകളോടുചേര്‍ന്ന് ഉടന്‍തന്നെ താമസസൗകര്യമൊരുക്കാനാകുമെന്നാണ് കെ.എസ്.ആര്‍.ടി.സി. വിലയിരുത്തിയിട്ടുള്ളത്. സേഫ് സ്റ്റേ നടത്തിപ്പിന് തിരഞ്ഞെടുക്കുന്ന ഏജന്‍സികള്‍വഴി വനിതകളെ ജീവനക്കാരായി നിയോഗിക്കും. 24 മണിക്കൂറും സെക്യൂരിറ്റിയുടെ സേവനവും ഉറപ്പാക്കും. ഏജന്‍സികള്‍ വഴിയുള്ള നടത്തിപ്പ് ലാഭകരമല്ലെന്നുകണ്ടാല്‍ കോര്‍പ്പറേഷന്‍ നേരിട്ടോ വനിതാ ശിശുവികസനവകുപ്പിന്റെ സഹകരണത്തോടെയോ പദ്ധതി നടപ്പാക്കും.
തിരുവനന്തപുരത്ത് തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ 4700 ചതുരശ്രയടിസ്ഥലത്ത് സിംഗിള്‍, ഡബിള്‍, എ.സി., നോണ്‍ എ.സി.മുറികളാണ് തയ്യാറാക്കുന്നത്. ഡോര്‍മിറ്ററി ഒരുദിവസത്തേക്ക് ഉപയോഗിക്കുന്നതിന് 150 രൂപയാണ് വാടക. നഗരങ്ങളില്‍ എത്തുന്ന സ്ത്രീകള്‍ക്ക് ലഗേജ് സൂക്ഷിക്കാന്‍ ലോക്കര്‍ സൗകര്യവുമുണ്ടാകും. വാഹനങ്ങള്‍ നിര്‍ത്തിയിടാനും സ്ഥലം അനുവദിക്കും. ഡിപ്പോകളില്‍നിന്ന് ബസുകള്‍ പുറപ്പെടുന്ന സമയത്ത് മുറികളില്‍ കഴിയുന്ന സ്ത്രീകളെ വിവരമറിയിക്കും.
കോഴിക്കോട്ട് വൈകാതെ മുറികള്‍ സജ്ജമാക്കും. എറണാകുളത്ത് പുതിയ കെട്ടിടനിര്‍മാണം പൂര്‍ത്തിയായാലേ പദ്ധതി തുടങ്ങാനാകൂ. സേഫ് സ്റ്റേ, കെ.എസ്.ആര്‍.ടി.സി.ബസ് ടെര്‍മിനലുകളെ കൂടുതല്‍ സ്ത്രീസൗഹൃദമാക്കും.സുരക്ഷയും ഉറപ്പാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.
