തിരുവനന്തപുരം: സിറ്റി നോര്‍ത്ത് , സൗത്ത് ട്രാഫിക് പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി സമയത്ത് ധരിക്കുന്നതിനായി സണ്‍ ഗ്ലാസ്സുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രിസൈസ് കണ്ണാശുപത്രിയുടെയും കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, കേരള പോലീസ് അസോസിയേഷന്‍ ട്രാഫിക് പോലീസ് സ്‌റ്റേഷന്‍ യൂണിറ്റ് പട്ടം തിരുവനന്തപുരം എന്നിവരുടെ ആഭിമുഖ്യത്തിലാണ് നഗരത്തില്‍ ട്രാഫിക് ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും സണ്‍ഗ്ലാസ്സുകള്‍ നല്‍കിയത്.
തിരുവനന്തപുരം സിറ്റി ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ പ്രിസൈസ് കണ്ണാശുപത്രി ചെയര്‍മാന്‍ ഡോ. ജയറാം വി ആര്‍ ട്രാഫിക് സൗത്ത് എസിപി ആര്‍ സുരേഷ് കുമാറിന് കണ്ണടകള്‍ കൈമാറി. പ്രതികൂല കാലാവസ്ഥയില്‍ ഡ്യൂട്ടി നിര്‍വ്വഹിക്കുന്ന ട്രാഫിക് പോലീസുദ്യോഗസ്ഥരുടെ നേത്ര സംരക്ഷണത്തിനായും, കണ്ണുകളിലേക്ക് നേരിട്ട് അള്‍ട്രാവൈലറ്റ് രശ്മികള്‍ പതിക്കാതിരിക്കുന്നതിനും, കാറ്റുമൂലവും വാഹനങ്ങളില്‍ നിന്നുള്ള പുകയും പൊടിപടലങ്ങളും കണ്ണുകളെ ദോഷകരമായി ബാധിക്കാതിരിക്കുന്നതിനും സണ്‍ഗ്ലാസ് ഉപകാരപ്പെടും.
നോര്‍ത്ത് ട്രാഫിക് എ സി പി അനില്‍കുമാര്‍ ആര്‍, SHO അജിത് കുമാര്‍, പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എ. എന്‍.സജീര്‍ , പോലീസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ശ്രീക്കുട്ടന്‍, സെക്രട്ടറി എസ് എസ്. രതീഷ് , പ്രിസൈസ് കണ്ണാശുപത്രി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്യാം നായര്‍ എന്നിവരും പങ്കെടുത്തു. തുടര്‍ന്ന് സേനാംഗങ്ങള്‍ക്കുള്ള സൗജന്യ നേത്രരോഗ നിര്‍ണയ ക്യാമ്പും നേത്രരോഗ ബോധവല്‍ക്കരണ ക്ലാസും നടത്തി.

 
                                            