നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്UDF, LDF സ്ഥാനാർത്ഥികളകാൻ ഈ നേതാക്കൾ

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഇടതിനും വലതിനും ഒരു പോലെ നിർണായകമാണ്.. അതുകൊണ്ട് നേരത്തെ കൂട്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ഇരു മുന്നണികളും.. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് ഇപ്പോൾ രംഗത്തുണ്ട് . സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഉടന്‍ കടക്കും. പ്രഥമ പരിഗണന ആര്യാടന്‍ ഷൗക്കത്തിനും വി എസ് ജോയ്ക്കുമാണ്. മുന്‍ എംഎല്‍എയായ പി വി അന്‍വറിന്റെ അഭിപ്രായവും പരിഗണിക്കും. കഴിഞ്ഞ ഉപതിരഞ്ഞെടുപ്പുകളില്‍ ഉണ്ടായത് പോലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടനെ തന്നെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ സജീവമാണ്. പാര്‍ട്ടി യോഗങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞു. വോട്ട് ചേര്‍ക്കല്‍ സജീവമായി നടക്കുന്നുണ്ട്. പാലക്കാട് നടത്തിയത് പോലെ പരമാവധി പാര്‍ട്ടിക്ക് ലഭിക്കാവുന്ന മുഴുവന്‍ വോട്ടുകളും ഉറപ്പുവരുത്തണം എന്ന നിര്‍ദേശവും വോട്ട് ചേര്‍ത്തലിന് പിന്നിലുണ്ട്.

കെപിസിസി ഭാരവാഹികള്‍ക്ക് ചുമതലകള്‍ ഉടനെ നല്‍കും. ഒരു കെപിസിസി ജനറല്‍ സെക്രട്ടറിക്ക് മണ്ഡലത്തിന്റെ ചുമതല ഉടന്‍ നല്‍കും. 27ന് നടക്കാനിരിക്കുന്ന യുഡിഎഫ് യോഗത്തില്‍ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രധാന ചര്‍ച്ചയാകും. അടുത്ത വര്‍ഷം നിയമസഭ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിലമ്പൂരിലെ വിജയം യുഡിഎഫിന് നിര്‍ണായകമാണ്. എംഎല്‍എ പദവിയൊഴിഞ്ഞ പി വി അന്‍വര്‍ നിലമ്പൂരിനെ പ്രതിനിധീകരിച്ച് ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. മറിച്ച് യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധികമായ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി.

2021-ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള അഞ്ചാമത്തെ ഉപതിരഞ്ഞെടുപ്പിനാണ് നിലമ്പൂരിൽ കളമൊരുങ്ങുന്നത്. നാലിൽ മൂന്നിലും ജയിച്ചത് യുഡിഎഫായിരുന്നു. അതാവട്ടെ അവരുടെ സിറ്റിങ് സീറ്റുകളും. എൽഡിഎഫ് അവരുടെ സിറ്റിങ് സീറ്റായ ചേലക്കരയും നിലനിർത്തി. തൃക്കാക്കര, പുതുപ്പള്ളി ഏറ്റവും ഒടുവിൽ പാലക്കാടും യുഡിഎഫിനൊപ്പം തന്നെ നിന്നു. എന്നാൽ നിലമ്പൂരിൽ വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പ് ഫലം എൽഡിഎഫിനും യുഡിഎഫിനും ഒരുപോലെ നിർണായകമായിരിക്കും. പിണറായിസം അവസാനിപ്പിക്കാൻ യുഡിഎഫിന്റെ പിന്തുണയോടെ അൻവറും അൻവറിന് മറുപടി കൊടുക്കാൻ എൽഡിഎഫും തയ്യാറെടുക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണയം യുഡിഎഫിന് അത്ര എളുപ്പമുളളതാകില്ലെന്ന് തന്നെയാണ് ഇപ്പോഴത്തെ സ്ഥിതി ഗതികൾ ചൂണ്ടിക്കാണിക്കുന്നത്..

ക്രസ്തവ വോട്ടുകളുടെ പിന്തുണ ഉറപ്പിക്കാൻ വി എസ് ജോയിയെ അൻവർ ചൂണ്ടിക്കാട്ടിയിരുന്നു.. എന്നാൽ ഇപ്പോൾ ആര്യാടൻ ഷൗക്കത്തിന്റെ പേരും ചർച്ചയിൽ സജീവമായി ഇടം പിടിക്കുകയാണ്.. കൂടാതെ വയനാടിന്റെ ചുമതലയുള്ള കെപിസിസി ജന. സെക്രട്ടറി ആലിപ്പറ്റ ജമീലയുടെ പേരും ലിസ്റ്റിൽ ഇടംപിടിച്ചിട്ടുണ്ട്, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ കൂടിയാണ് ജമീല.. മാത്രമല്ല പ്രിയങ്കാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോൾ പ്രചരണ ചുമതല വഹിച്ചിരുന്നു.. ഇതോടെ നിലമ്പൂരിന് അവകാശികളായി 3 പേരുടെ പേരുകളാണ് ഉയർന്നുവരുന്നത്.. ജമീലക്ക് പിന്തുണ പ്രഖ്യാപിക്കുന്നവരും സമ്മർദ്ദം തുടരുന്നതോടെ നേതൃത്വത്തിന്റെ ഇടപെടലിന് വേ ഗം കൂടണമെന്ന ആവശ്യവും ശക്തമാണ്..

മലയോര മേഖലയിലെ വന്യജീവി പ്രശ്‌നങ്ങൾ നേരിട്ട് അനുഭവിക്കുന്ന ക്രിസ്ത്യൻ സമുദായത്തിന്റെ പ്രതിനിധി എന്ന നിലയിൽ മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്നാണ് അൻവർ പറഞ്ഞതെങ്കിലും ജോയിയെ നിർദ്ദേശിച്ചതിന് പിന്നിൽ ആര്യാടൻ ഷൗക്കത്തിനെ വെട്ടാനുള്ള അൻവറിന്റെ നീക്കം ഉണ്ടെന്നത് വ്യക്തം. കെ സി വേണുഗോപാൽ, എ.പി അനിൽ കുമാർ തുടങ്ങിയ നേതാക്കളുടെ പിന്തുണ വി.എസ് ജോയിക്ക് ഉണ്ടെങ്കിലും ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻഗണന.

Leave a Reply

Your email address will not be published. Required fields are marked *