മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; കെ ഗോപാലകൃഷ്‌ണൻ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി

വ്യവസായ വകുപ്പ് ഡയറക്ട‌റായിരുന്ന കെ ഗോപാലകൃഷ്‌ണൻ ഐഎഎസിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. കൊല്ലം ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം ആണ് പരാതി നൽകിയത്. സമൂഹത്തിൽ മതസ്‌പർധയുണ്ടാക്കാൻ ശ്രമിച്ചതിൽ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. സർവീസ് ചട്ടം ലംഘിച്ചെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾപ്പെടെ പരാമർശിച്ചാണ് പരാതി.

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ ഐഎഎസ് ഉദ്യോഗസ്ഥൻ കെ ഗോപാലകൃഷ്ണനെതിരെ സ്വമേധയാ കേസെടുക്കാനാവില്ലെന്ന് പൊലീസ് നേരത്തെ അറിയിച്ചിരുന്നു. ഗോപാലകൃഷ്ണൻ്റെ പരാതിയിലാണ് അന്വേഷണം നടത്തിയത്. ഫോൺ ഹാക്ക് ചെയ്തതിൽ ശാസ്ത്രീയ തെളിവുകളും അപൂർണമാണ്. ഗ്രൂപ്പിൽപ്പെട്ട ഏതെങ്കിലും ഉദ്യോഗസ്ഥൻ പരാതിയുമായി സമീപിച്ചാൽ മാത്രമേ നിയമ നടപടിക്ക് സാധ്യതയുള്ളൂവെന്നാണ് പൊലീസ് നേരത്തെ അറിയിച്ചത്.

വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻറെ സസ്പെൻഷനിലേക്ക് നയിച്ച മല്ലു ഹിന്ദു വാട്സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കിയത്. കേട്ടുകേൾവിയില്ലാത്ത വിധത്തിലായിരുന്നു ഗോപാലകൃഷ്ണൻ അഡ്മിനായുള്ള ഗ്രൂപ്പ് ഉണ്ടാക്കിയത്. സർവ്വീസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം ഹിന്ദുമത വിഭാഗത്തിലുള്ളവരെ മാത്രം അംഗങ്ങളാക്കിയായിരുന്നു ഗ്രൂപ്പ്. ഫോൺ ഹാക്ക് ചെയ്ത് 11 വാട്സ് ആപ്പ് ഗ്രൂപ്പുകളിലേക്ക് ചേർത്തു എന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ വിശദീകരണം.

മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഫോറന്‍സിക് പരിശോധനയുടെയും മെറ്റയുടെയും കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന് വ്യക്തമായത്. മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് നല്‍കിയതെന്ന ഗുരുതര പരാമര്‍ശവും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. മറ്റൊരു ഐപി അഡ്രസ് ഫോണില്‍ ഉപയോഗിച്ചിട്ടില്ലെന്ന കണ്ടെത്തലും ഗോപാലകൃഷ്ണനെതിരെ കുരുക്ക് മുറുക്കുന്നതാണ്. അസ്വാഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലന്ന് മെറ്റ ചൂണ്ടിക്കാണിച്ചതും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതിനിടെ തുടര്‍ച്ചയായി അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരെ ഫേസ്ബുക്കില്‍ ആരോപണം തൊടുത്തു വിടുന്ന എന്‍ പ്രശാന്ത് ഐഎഎസിനെതിരെയും നടപടി ഉടന്‍ ഉണ്ടാകും. സ്വമേധയാ ആണ് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയത്. ഈ റിപ്പോര്‍ട്ടിലും നടപടിക്ക് ശുപാര്‍ശ ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *