കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു അധ്യായം കൂടി പൂര്‍ണ്ണമാവുന്നു.
പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്,.പുതുപ്പള്ളി മൊത്തത്തില്‍ കരയുകയാണ്.അസുഖങ്ങള്‍ അതിശക്തമായി വേട്ടയാടിയ അവസാന ദിനങ്ങള്‍ ഒഴികെ ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവാണ് വിട പറയുന്നത്. ജനങ്ങള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ജീവശ്വാസം. ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ അടയാളം ചുറ്റുംവലയം തീര്‍ത്തിരുന്ന ആള്‍കൂട്ടങ്ങളായിരുന്നു.
തീക്ഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെനിന്ന നേതാവ്.ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര്. സാന്ത്വനവും പ്രതീക്ഷയുമായിരുന്നു. അദ്ദേഹം പോകാത്ത സ്ഥലവും കാണാത്ത ജനവുമുണ്ടാകില്ല.
കീറല്‍ വീണ ഖദര്‍ ഷര്‍ട്ടിന്റെ ആര്‍ഭാടരാഹിത്യമാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കിയതെന്നാണ് അനുശോചന സന്ദേശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്.കയറിപ്പോകാനുള്ള ഏണിപ്പടികളായി അദ്ദേഹം ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാര്‍ത്ഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. ഉമ്മന്‍ ചാണ്ടിയെപ്പോലെ മറ്റൊരാളില്ല എന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
തീര്‍ത്തും നിഷ്‌കളങ്ക ജീവിതം നയിച്ച ജനകീയ നേതാവാണ് ഉമ്മന്‍ചാണ്ടിയെന്ന് മുസ്്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.എപ്പോഴും ഒരു ചെവി ജനങ്ങള്‍ക്കായി തുറന്നുവച്ചു ജീവിച്ചുമരിച്ച യാളാണ്.കയര്‍ത്ത് ഒരു വാക്കുപോലും ഞങ്ങള്‍ തമ്മിലുണ്ടായിട്ടില്ല. അഭിപ്രായവ്യത്യാസമുണ്ടായാല്‍ രണ്ടുപേരും കനത്ത ദുഃഖത്തോടെ മിണ്ടാതിരിക്കുകയാണ് ചെയ്യാറുള്ളതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
താന്‍ എല്ലാം തുറന്നുപറയുന്ന സുഹൃത്തായിരുന്നു ഉമ്മന്‍ചാണ്ടിയെന്ന് മുന്‍മുഖ്യമന്ത്രി എ.കെ. ആന്റണി അനുസ്മരിച്ചത്.ഞങ്ങള്‍ തമ്മില്‍ രഹസ്യങ്ങളില്ല. ചില കാര്യങ്ങളില്‍ വ്യത്യസ്ത സമീപനങ്ങള്‍ ഉണ്ടാകും. എല്ലാം ഞങ്ങള്‍ തമ്മില്‍ പങ്കുവെക്കാറുണ്ട്. ഹൃദയം തുറന്ന് സംസാരിച്ചിരുന്ന വ്യക്തി. തന്റെ ഏറ്റവും വലിയ സുഹൃത്തിനെയാണ് നഷ്ടമായത്. ഉമ്മന്‍ചാണ്ടിയുടെ നിര്‍ബന്ധമില്ലായിരുന്നെങ്കില്‍ ഞാന്‍ കുടുംബ ജീവിതത്തില്‍ പ്രവേശിക്കില്ലായിരുന്നു. എന്റെ ഭാര്യയെ കണ്ടെത്തി തന്നത് ഉമ്മന്‍ചാണ്ടിയുടെ ഭാര്യയാണ്’ -എ.കെ ആന്റണി അനുസ്മരിച്ചു.
എത്രയെത്ര പത്ര സമ്മേളനങ്ങള്‍,
കുത്തി നോവിക്കുന്ന,വേദനിപ്പിക്കുന്ന, എന്തെല്ലാം ചോദ്യങ്ങള്‍ , മുഖം കറുക്കാതെ,ദേഷ്യപ്പെടാതെ
ചെറു പുഞ്ചിരിയോടെ നേരിടാന്‍ മറ്റേതെങ്കിലും നേതാക്കള്‍ക്ക് കഴിയുമോ ? മുന്നിലെത്തുന്ന എല്ലാവരെയും ചേര്‍ത്ത് പിടിക്കുവാന്‍ ആര്‍ക്കെങ്കിലും കഴിയുമോ?
ഒരാള്‍ക്കും അതിന് കഴിയില്ല. കോടാനുകോടി മനുഷ്യരിലെ
അപൂര്‍വ്വ പ്രതിഭാസം തന്നെയായിരുന്നു അദ്ദേഹം.
സത്യത്തില്‍ സ്വന്തം ജീവിതം ഒരു സര്‍ക്കാര്‍ പരിപാടിയും ഭരണ നടപടിയുമാക്കിയ ലോകത്തിലെ ആദ്യത്തെ ജനനായകനും ഭരണാധികാരിയുമാണ് ഉമ്മന്‍ചാണ്ടി എന്ന് പറയാം.രാഷ്ട്രീയ വളര്‍ച്ചയുടെ കൊടുമുടി കയറുമ്‌ബോഴും ജന്‍മനാടുമായും നാട്ടുകാരുമായും സൂക്ഷിച്ച ഹൃദയബന്ധമാണ് ഉമ്മന്‍ചാണ്ടിയെന്ന നേതാവിനെ വ്യത്യസ്തനാക്കിയത്. തുടര്‍ച്ചയായി അമ്ബത്തിമൂന്നു കൊല്ലം ഒരു മണ്ഡലത്തില്‍ നിന്ന് തന്നെ ജയിക്കുകയെന്ന അത്യപൂര്‍വ ബഹുമതിയാണ് ആ ഹൃദയബന്ധത്തിനുളള സമ്മാനമായി പുതുപ്പളളിക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് കൊടുത്തത്.
പുതുപ്പളളി എംഎല്‍എയില്‍ നിന്ന് സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് വളര്‍ന്നപ്പോഴും തലസ്ഥാനത്തൊരു പുതുപ്പളളി ഹൗസ് തുറന്ന് ഉമ്മന്‍ചാണ്ടി ജന്‍മനാടിനെ കൂടെക്കൂട്ടി.1970 ല്‍ തനിക്ക് ആദ്യമായി വോട്ടു ചെയ്ത പുതുപ്പളളിക്കാരുടെ മക്കളിലേക്കും പേരക്കുട്ടികളിലേക്കും അവരുടെ മക്കളിലേക്കും വേരുപടര്‍ത്തിയൊരു വ്യക്തി ബന്ധമായിരുന്നു സംസ്ഥാന രാഷ്ട്രീയത്തിന്റെ നെറുകയിലേക്ക് വളര്‍ന്നു കയറാനുളള ഉമ്മന്‍ചാണ്ടിയുടെ അടിത്തറ.
ഏതു പാതിരാവിലും എന്താവശ്യത്തിനും ഓടിയെത്താനാവുന്ന സ്വാതന്ത്ര്യത്തിന്റെ മറുപേരായിരുന്നു പുതുപ്പളളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടി. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ചയെന്നൊരു ദിവസമുണ്ടെങ്കില്‍ കാരോട്ട് വളളക്കാലിലെ വീട്ടില്‍ കുഞ്ഞൂഞ്ഞുണ്ടാവുമെന്നും എല്ലാ പ്രശ്‌നങ്ങള്‍ക്കും അന്നൊരു പരിഹാരം
കാണുമെന്നുമുളള ഉറപ്പിലായിരുന്നു ശരാശരി പുതുപ്പളളിക്കാരന്റെ കഴിഞ്ഞ അഞ്ചു പതിറ്റാണ്ടു കാലത്തെ ജീവിതവും. അതുകൊണ്ടു തന്നെയാണ് 1970 നും നും 2021നുമിടയിലെ തിരഞ്ഞെടുപ്പുകളിലെല്ലാം എതിരാളികള്‍ മാറി മാറി മാറി വന്നിട്ടും ഉമ്മന്‍ചാണ്ടിയല്ലാതൊരു പേര് പുതുപ്പളളിക്കാരുടെ മനസിലേക്കു കയറാതിരുന്നതും. പുതുപ്പളളിയല്ലാതൊരു സുരക്ഷിത മണ്ഡലത്തെ കുറിച്ച് ഉമ്മന്‍ചാണ്ടി ആലോചിക്കാതിരുന്നതും.
എന്തായാലും കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഉമ്മന്‍ചാണ്ടിക്കൊരു പകക്കാരന്‍ ഇല്ല. ഉമ്മന്‍ചാണ്ടിക്ക് തുല്യം ഉമ്മന്‍ചാണ്ടി മാത്രം. ഒരിക്കല്‍ കൂടി കുഞ്ഞൂഞ്ഞ് പുതുപ്പളളിയിലേക്കു വരും. കാരോട്ട് വളളക്കാലിലെ വീട്ടില്‍ തന്നെ കാണാന്‍ കൂടി നില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ സ്‌നേഹമറിയും.പളളിയില്‍ കയറും. പിന്നെ തിരിച്ചു പോകും.
