സാമൂഹിക പ്രതിബദ്ധത നിറവേറ്റുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23), ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച ഇന്ത്യന്‍ കോര്‍പറേറ്റ് കമ്പനി മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. കഴിഞ്ഞ തവണ ആയിരം കോടിയിലധികം രൂപ ചെലവഴിച്ച ഏക കമ്പനിയുമാണിത്. കമ്പനിയുടെ മൊത്തം അറ്റലാഭത്തിന്റെ 1.7 ശതമാനമാണ് സിഎസ്ആര്‍ ഫണ്ടിലൂടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെലവഴിച്ചത്.
സിഎസ്ആര്‍ ഫണ്ട് മുഖേന 500 കോടിയിലധികം രൂപ ചെലവഴിച്ചത് മൊത്തം അഞ്ച് കമ്പനികളാണ്.
ആദ്യ പത്ത് സ്ഥാനങ്ങള്‍ക്കുള്ളില്‍ മൂന്ന് പൊതുമേഖല സ്ഥാപനങ്ങള്‍ ഇടംനേടിയിട്ടുണ്ട്. കോള്‍ ഇന്ത്യ, ഒഎന്‍ജിസി, എന്‍ടിപിസി എന്നിവയാണിവ. അതേസമയം, കമ്പനി നേടിയ ലാഭത്തില്‍ നിന്നും സിഎസ്ആര്‍ ഫണ്ടിലേക്ക് ഏറ്റവും കൂടുതല്‍ ശതമാനാടിസ്ഥാനത്തില്‍ നീക്കിവെച്ചത് ടാറ്റ സ്റ്റീല്‍ ആണ്. നിയമപരമായി കമ്പനികള്‍ ചെലവഴിക്കേണ്ട ചുരുങ്ങിയ അനുപാതം ലാഭത്തിന്റെ 2 ശതമാനമാണ്. എന്നാല്‍ ഈ ടാറ്റ ഗ്രൂപ്പ് കമ്പനി, കഴിഞ്ഞ സാമ്പത്തിക വര്‍ഷം നേടിയ മൊത്തം അറ്റാദായത്തില്‍ നിന്നും 6 ശതമാനമാണ് സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ സിഎസ്ആര്‍ ഫണ്ട് മുഖേന ചെലവഴിച്ച 10 കമ്പനികളാണ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്,ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്,എച്ച്ഡിഎഫ്‌സി ബാങ്ക്, കോള്‍ ഇന്ത്യ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ഒഎന്‍ജിസി,ഐസിഐസിഐ ബാങ്ക്,ഐടിസി, എന്‍ടിപിസി എന്നിവ.
പ്രകൃതി വിഭവങ്ങളും സാമൂഹിക മൂലധനവും പ്രയോജനപ്പെടുത്തുന്ന കമ്പനികള്‍, വാണിജ്യ – വ്യാപാര പ്രവര്‍ത്തനങ്ങളിലൂടെ നേടുന്ന ലാഭത്തിന്റെ നിശ്ചിത വിഹിതം സമൂഹത്തിന്റെ വികസനത്തിനും പൊതുനന്മയ്ക്കുമായി മാറ്റിവെക്കണം എന്നതാണ് സിഎസ്ആര്‍ ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്. 2013ലെ കമ്പനി നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഈ നിയമം പ്രാബല്യത്തിലാക്കിയത്.
1000 കോടിയിലധികം രൂപ വിറ്റുവരവുള്ളതോ, 500 കോടിയുടെ ആസ്തിയുള്ളതോ, കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങള്‍ക്കിടെ അഞ്ച് കോടിയിലധികം അറ്റാദായം കൈവരിച്ചതോ ആയ കമ്പനികള്‍ നേടിയ അറ്റാദായത്തിന്റെ രണ്ടു ശതമാനം സിഎസ്ആര്‍ ഫണ്ടിലേക്ക് മാറ്റിവെക്കണമെന്നാണ് നിയമം. അതേസമയം സിഎസ്ആര്‍ ഫണ്ടിലേക്ക് മാറ്റിവെക്കുന്ന തുക നിശ്ചിത സമയത്തിനകം ചെലവഴിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടിലേക്ക് മാറ്റപ്പെടും.

 
                                            