വിക്രം – ഉലകനായകന്റെ തിരിച്ചുവരവ്

വിക്രം എന്ന സിനിമയിൽ എടുത്തുപറയേണ്ടത് കമലഹാസൻ എന്ന ബഹുമുഖ പ്രതിഭയുടെ ബോക്സ് ഓഫീസിലെ ഉജ്ജ്വലമായ തിരിച്ചുവരവാണ്. ഇനിയും ബോക്സ്‌ ഓഫീസ് അങ്കങ്ങൾക്കുള്ള ബാല്യം തനിക്കുണ്ടെന്ന് കമലഹാസൻ തെളിയിക്കുകയാണ്. അടുത്തകാലത്ത് വിശ്വരൂപം സിനിമയുടെ രണ്ടാംഭാഗത്തിന് ഉണ്ടായ പരാജയം , പിന്നെ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങി, അവിടെയും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു കമലഹാസന്. കമലഹാസന്റെ രാഷ്ട്രീയ സംഘടന പരാജയപ്പെട്ടെങ്കിലും കമലഹാസൻ എന്ന വ്യക്തി ഉയർത്തിയ രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്ക് സമകാലിക തമിഴ്നാട് രാഷ്ട്രീയത്തിലും, ഇന്ത്യൻ രാഷ്ട്രീയത്തിലും പ്രസക്തിയുണ്ട് എന്നുള്ളത് മറ്റൊരു കാര്യം.

വിക്രം എന്ന സീക്രറ്റ് ഏജന്റ്ന്റെ കഥ പറയുന്ന സിനിമ, ഒരു ബോക്സ് ഓഫീസ് മസാലയുടെ എല്ലാവിധ ചേരുവകളും ചേർത്ത് പ്രേക്ഷകരെ രസിപ്പിക്കും വിധം തയ്യാറാക്കിയ ത്രില്ലർ സിനിമയാണ്.

മലയാളത്തിലും തമിഴിലും ഇറങ്ങിയ സീക്രെട് ഏജന്റ് മാരുടെ കഥകൾ പറഞ്ഞ സിനിമകൾ പലതും പുതുമയില്ലാത്തതിനാൽ പ്രേക്ഷകരാൽ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്.

ഒരുപാട് വട്ടം ചിത്രീകരിക്കപ്പെട്ട ഒരു തീം, വ്യത്യസ്തമായി അവതരിപ്പിച്ചു, പ്രേക്ഷകപ്രീതി നേടുകയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകൻ.

സിനിമ അടിസ്ഥാനപരമായി സംവിധായന്റേതാണ്. കമലഹാസൻ എന്ന നടനെ സംബന്ധിച്ച് പലപ്പോഴും ഉണ്ടായ ആക്ഷേപങ്ങൾ, സംവിധായകൻമാരുടെ സർഗ്ഗാത്മക സ്വാതന്ത്ര്യത്തിൽ കൈ കടത്തുന്നു എന്നുള്ളതാണ്. എന്നാൽ വിക്രം എന്ന സിനിമ പൂർണമായും ലോകേഷ് കനകരാജ് എന്ന സംവിധായകന്റേതാണ്. ഇവിടെ കമലഹാസൻ നടൻ മാത്രമായി മാറുന്നു. ആ ഒരു പുതുമ സിനിമയിലുടനീളം നമുക്ക് കാണാവുന്നതാണ്. തന്റെ എല്ലാ ചിത്രങ്ങളിലും മികച്ച അഭിനയമുഹൂർത്തങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന കമലഹാസൻ എന്ന നടൻ വിക്രം എന്ന സിനിമയിലും പതിവ് തെറ്റിക്കുന്നില്ല. ഒരു മനുഷ്യന്റെ വ്യത്യസ്ത ഭാവങ്ങൾ, മദ്യപാനി, സ്ത്രീലമ്പടൻ, മയക്കുമരുന്നിന് അടിമ, പിതാവ്, സ്നേഹനിധിയായ മുത്തച്ഛൻ, തുടങ്ങിയ ഭാവങ്ങൾ കമലഹാസൻ എന്ന നടനിൽ ഭദ്രമായി.

ഫഹദ് ഫാസിൽ

മലയാളത്തിലെ മികച്ച അഭിനേതാവായ ഫഹദ് ഫാസിൽ, തെലുങ്കിൽ അല്ലു അർജുനന്റെ പുഷ്പ യിലും , ഇപ്പോൾ തമിഴിൽ കമലഹാസനൊപ്പം വിക്രം തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകളുടെ ഭാഗമായി മലയാളത്തിൽ നിന്ന് ഉയർന്നു വരികയാണ്. സിനിമയുടെ ആദ്യപകുതി ഫഹദ് ഫാസിലിന്റെ, അമർ എന്ന് കഥാപാത്രത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. മലയാളത്തിൽ നിന്ന് ഇന്ത്യൻ സിനിമയിലേക്കുള്ള വളർച്ചയുടെ പാതയിലാണ് ഫഹദ് ഫാസിൽ.

വിജയ് സേതുപതി.

നായകന് ഒപ്പം നിൽക്കുന്ന പ്രതിനായകൻ, ത്രില്ലർ ആക്ഷൻ സിനിമകളുടെ വിജയത്തിന് അനിവാര്യമായ ഒന്നാണ്. അതോടൊപ്പം അഭിനയ മുഹൂർത്തങ്ങളിലും കമലഹാസന് ഒപ്പം നിൽക്കുന്ന പ്രകടനം നടത്താൻ വിജയസേതുപതിക്ക് സാധിച്ചു. മറ്റൊരു നടനും കഴിയാത്തത്ര വിധം ഭംഗിയായി സന്താനം എന്ന കഥാപാത്രത്തെ വിജയ് സേതുപതി മികവുറ്റതാക്കി.

ചെമ്പൻ വിനോദ് ജോസ്, കാളിദാസൻ, തുടങ്ങിയവരൊക്കെ തങ്ങളുടെ വേഷം ഭംഗിയാക്കി. സ്ത്രീകഥാപാത്രങ്ങൾക്ക് അധികം പ്രാധാന്യം ഇല്ലെങ്കിലും ഫഹദ് ഫാസിലിന്റെ ജോഡിയായി പ്രത്യക്ഷപ്പെട്ട, ഗായത്രി ശങ്കർന്റെ ഗായത്രി എന്ന കഥാപാത്രവും, പിന്നെ ഏജന്റ് ടീനയും പ്രേക്ഷകമനസ്സുകളിൽ നിലനിൽക്കും . സൂര്യയുടെ ഗസ്റ്റ് അപ്പിയറൻസ് സിനിമയ്ക്കു മുതൽക്കൂട്ട് തന്നെയാണ്.

സിനിമയ്ക്ക് ആവശ്യമായ സംഗീതവും, പശ്ചാത്തല സംഗീതവും അനിരുദ്ധ് മികച്ച രീതിയിൽ ഒരുക്കി. ഗിരീഷ് ഗംഗാധരന്റെ ഛായാഗ്രഹണ മികവ് ആക്ഷൻ രംഗങ്ങൾക്ക് മികവേകി. കമലഹാസന്റെ രാജ്കമൽ ഫിലിംസ് സിനിമ നിർമ്മിച്ചു.

ബോളിവുഡിലെ ഹിന്ദി സിനിമകൾ ആണ് ഇന്ത്യൻ സിനിമ എന്ന ഉത്തരേന്ത്യയിലെയും, വിദേശ രാജ്യങ്ങളിലെയും പ്രേക്ഷകർ കരുതുന്ന ഇടത്തുനിന്ന് തെലുങ്കിൽ നിന്ന് ബാഹുബലി സീരീസ്, കന്നടയിൽ നിന്ന് കെജിഎഫ് സിനിമകൾ, ഇപ്പോൾ തമിഴിൽ നിന്ന് വിക്രം തുടങ്ങിയ തെന്നിന്ത്യൻ സിനിമകൾ, ഇന്ത്യൻ സിനിമയുടെ നെറുകയിലേക്ക് എത്തുന്നു എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറുന്നു. ഹിന്ദി സിനിമകൾ, സ്ഥിരം പാറ്റേണുകൾ ആയ പ്യാർ , മൊഹബത് , കഭി കുശി, കഭി ഗം തുടങ്ങിയ പഴകി പറഞ്ഞ പ്രമേയങ്ങളിലൂടെ വീണ്ടും പുതുമ ഇല്ലാതെ സഞ്ചരിക്കുമ്പോൾ തെന്നിന്ത്യൻ സിനിമകളിൽ പുതിയ പരീക്ഷണങ്ങളിലൂടെ, വ്യത്യസ്തമായ ചിത്രീകരണ ശൈലി കളിലൂടെയും മുന്നോട്ടു പോവുകയാണ്.

സഞ്ജയ് ദേവരാജൻ

Leave a Reply

Your email address will not be published. Required fields are marked *