തിരുവനന്തപുരം: ഏഷ്യയിലെ ആദ്യത്തെ മാജിക് തീം മ്യൂസിയം എന്ന ഖ്യാതി നേടിയ മാജിക് പ്ലാനറ്റിന് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം. ഭിന്നശേഷി മേഖലയില്‍ മികച്ച തൊഴില്‍ദാതാവിനുള്ള 2021ലെ അവാര്‍ഡാണ് ഇക്കുറി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിനെത്തേടിയെത്തിയത്.
സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള സാമൂഹ്യനീതി വകുപ്പാണ് മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കുട്ടികളുടെ എംപവര്‍ സെന്ററിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ സഹകരണത്തോടെയാണ് ഭിന്നശേഷിക്കുട്ടികള്‍ക്ക് തൊഴില്‍ നല്‍കുന്നതിനായി എംപവര്‍ എന്ന സെന്റര്‍ ആരംഭിച്ചത്. ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി, എം.ആര്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന കുട്ടികള്‍ ഇന്ദ്രജാലാവതരണം നടത്തുന്ന സെന്ററാണിത്. ഒഴിവാക്കപ്പെട്ടും അവഗണിക്കപ്പെട്ടും കഴിഞ്ഞ ഭിന്നശേഷക്കുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്കു ഉയര്‍ത്തുന്നതിനും നാളിതുവരെ ബാധ്യതയായി മാത്രം കണ്ടിരുന്ന ഇവരെ കുടുംബത്തിന്റെ താങ്ങും തണലുമാക്കുന്നതിനുമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ഈ കുട്ടികള്‍ നിശ്ചിത വരുമാനം നേടുന്നുണ്ട്.
കേരളം ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി ആവിഷ്‌കരിച്ച അനുയാത്ര പദ്ധതിയുടെ ഭാഗമായി 2017ലാണ് എംപവര്‍ എന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. അനുയാത്രാ പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡേഴ്സില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഭിന്നശേഷിക്കുട്ടികളെ ഉള്‍പ്പെടുത്തിയാണ് എം പവര്‍ സെന്റര്‍ എന്ന പേരില്‍ സ്ഥിരം ഇന്ദ്രജാല അവതരണ വേദി പ്രവര്‍ത്തിക്കുന്നത്.
എം പവര്‍ സെന്ററിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേരള സംസ്ഥാന ബാലാവകാശ കമ്മീഷന്‍ പ്രത്യേക പരാമര്‍ശം നടത്തി 2017 നവംബര്‍ 20ന് അവാര്‍ഡു നല്‍കിയിരുന്നു. കൂടാതെ കേരള സര്‍ക്കാരിന്റെ ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഓട്ടിസം, സെറിബ്രല്‍ പള്‍സി, വിഷാദരോഗം, ഹൈപ്പര്‍ ആക്ടിവിറ്റി, എം.ആര്‍ എന്നീ വിഭാഗങ്ങളില്‍ പെടുന്ന ഈ കുട്ടികള്‍ക്ക് ഇന്ദ്രജാലാവതരണത്തിലൂടെ മാനസികവും ശാരീരികവും സാമൂഹ്യവുമായ മാറ്റങ്ങളുണ്ടായെന്ന് ഡോക്ടര്‍മാരുടെ പാനല്‍ കണ്ടെത്തുകയും ഇതു സംബന്ധിച്ച് വിശദമായി റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തിട്ടുണ്ട്.
ഇന്ത്യാബുക് ഓഫ് റിക്കോര്‍ഡ്സില്‍ ഇടം നേടിയ ഇവര്‍ ഇപ്പോള്‍ മൂവായിരത്തിലധികം വേദികള്‍ പിന്നിടുകയും മിഡില്‍ ഈസ്റ്റിലടക്കം ജാലവിദ്യാ പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്തു.
എം പവറിന്റെ വിജയത്തോടെ 100 കുട്ടികളെ ഉള്‍പ്പെടുത്തി ഡിഫറന്റ് ആര്‍ട് സെന്റര്‍ 2019ല്‍ ആരംഭിച്ചു. ഡിഫറന്റ് ആര്‍ട് സെന്ററില്‍ നിന്നും പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്ക് തൊഴില്‍ നല്‍കുന്ന പദ്ധതിയും അണിയറയില്‍ ഒരുങ്ങുകയാണ്.
