നാട്ടില്‍ അസുഖങ്ങള്‍ വ്യാപകം: കൊട്ടാരമറ്റത്തെ അനധികൃത തട്ടുകടയില്‍ നിന്നും മലിനജലം പരസ്യമായി റോഡില്‍ ഒഴുക്കുന്നു; നടപടി ഇല്ലാത്തത് നഗരസഭയുടെ ഒത്താശ മൂലമെന്ന് പരക്കെ ആക്ഷേപം

പാലാ: പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിനുള്ളില്‍ അനധികൃതമായി രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നും നിയമസംവീധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു.

വേനല്‍കടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നത്. നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ അറിവോടെയാണ് ഈ നിയമവിരുദ്ധ നടപടിയെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഗാന്ധിജയന്തി ദിനത്തില്‍ രാജ്യത്തൊട്ടാകെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോള്‍ ഈ തട്ടുകടയില്‍ നിന്നും പതിവുപോലെ മലിനജലം മണിക്കൂറുകളോളം റോഡിലൊഴുക്കിയത് വിവാദമായിരുന്നു. ഈ നടപടി പാലായ്ക്കാകെ നാണക്കേടായി മാറുകയും ചെയ്തിരുന്നു. വിവാദമായതിനെത്തുടര്‍ന്ന് ഏതാനും ദിവസം മലിനജലം ജാറില്‍ സമാഹരിക്കുന്നതായി കാട്ടിയിരുന്നു.

രാത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഈ തട്ടുകടയില്‍ വരുന്നവര്‍ക്ക് ഭക്ഷണശേഷം കൈ കഴുകുവാനുള്ള വാഷ് ബെയിസണ്‍ നടപ്പാത കൈയ്യേറി സ്ഥാപിച്ച ശേഷം മലിനജലം പൈപ്പുവഴി റോഡിലേയ്ക്ക് എല്ലാ ദിവസവും ഒഴുക്കിവിടുന്നത്. ഭക്ഷണം കഴിക്കുന്നവര്‍ കൈകഴുകുന്നതും വായ കഴുക്കുന്നതും കാര്‍ക്കിച്ചു തുപ്പുന്നതുമടക്കമുള്ള മലിനജലമാണ് ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ ഹൈവേയിലേയ്ക്ക് പരസ്യമായി ഒഴുക്കി നിയമത്തെയാകെ വെല്ലുവിളിക്കുന്നത്.

ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ക്ക് നഗരസഭാ ലൈസന്‍സ് നല്‍കുമ്പോള്‍ മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്യില്ലെന്നു സത്യവാങ്മൂലം വാങ്ങിച്ചു വയ്ക്കുന്ന നാട്ടിലാണ് പൊതുനിരത്തിലേയ്ക്ക് മലിനജലം പരസ്യമായി ഒഴുക്കിവിടുന്നത്.

കടലാസോ മറ്റു മാലിന്യങ്ങളോ പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നവരെ മാലിന്യത്തിലെ കടലാസില്‍ തിരിച്ചറിയാനുള്ള കാര്യങ്ങള്‍ ഉണ്ടെങ്കില്‍ തേടി പിടിച്ച് നടപടിയെടുക്കുന്ന ഇക്കാലത്താണ് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തി നടപ്പാതയില്‍ വാഷ് ബെയിസണ്‍ സ്ഥാപിച്ചു എല്ലാ സംവീധാനങ്ങളെയും വെല്ലുവിളിച്ച് മലിനജലം റോഡില്‍ നിരന്തരം ഒഴുക്കുന്നത്.

മലിനജലം മൂലം പകര്‍ച്ചവ്യാധികള്‍ വ്യാപകമായിട്ടും ഇത് ആവര്‍ത്തിക്കുന്നത് അധികൃതരുടെ ഒത്താശയില്ലാതെ നടക്കില്ലെന്ന ആക്ഷേപവും വ്യാപകമാണ്. സ്ഥാപനവും നടപടിയും അനധികൃതമായിട്ടും അധികൃതരുടെ പിന്തുണയോടെ നിയമത്തെ നോക്കുകുത്തിയാക്കിയിരിക്കുന്നത്. ഇതിനിടെ ഈ അനധികൃത സ്ഥാപനത്തിനെതിരെ നടപടിയാവശ്യപ്പെട്ട് കടപ്പാട്ടൂര്‍ ഗീതാഞ്ജലിയില്‍ സുരേഷ് കുമാര്‍ നഗരസഭയില്‍ പരാതി നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *