നവംബർ ഒന്നിന് കേരളപ്പിറവി ദിനമായി ആചരിക്കുമെന്നു മിനിസോട്ട ഗവർണ്ണർ ടിം വാൾസ് പ്രഖ്യാപനം നടത്തി. കഴിഞ്ഞ 20 വർഷങ്ങളായി മിനസോട്ടയിൽ പ്രവർത്തിക്കുന്ന മലയാളി സംഘടനയാണ് മിനസോട്ട മലയാളി അസോസിയേഷൻ (MMA ). മിനസോട്ടയിലും ഒരു പക്ഷേ അമേരിക്കയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന ഗവർണ്ണർ ഇങ്ങനെ ഒരു പ്രഖ്യാപനം നടത്തുന്നത്. മിനസോട്ട മലയാളികൾ സംസ്ഥാനത്തിന് വേണ്ടി നൽകുന്ന സംഭാവനകളെ മാനിച്ചുകൊണ്ടാണ് ഗവർണ്ണർ ഈ മഹുമതി നൽകിയത്.

വൈദ്യശാസ്ത്രം, എഞ്ചിനീയറിംഗ്, ഐ ടി, വിദ്യാഭ്യാസം എന്നീ രംഗങ്ങളിൽ മിനസോട്ട മലയാളികൾ വളരെ മുന്നിൽ ആണ്. മലയാളികളിലെ പുതു തലമുറയ്ക്ക് നമ്മുടെ നാടിൻറെ കലയും സംസ്ക്കാരവും ആചാരങ്ങളും ഒക്കേ പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ എം എം എ നിസ്തുലമായ പങ്കു വഹിക്കുന്നു. ഈ അംഗീകാരം എം എം എ യുടെ പ്രവർത്തനങ്ങൾക്കു കൂടുതൽ കരുത്തു പകരുമെന്ന് പ്രസിഡണ്ട് മനോജ് പ്രഭു പറഞ്ഞു. എല്ലാ അമേരിക്കൻ മലയാളികൾക്കും ഇത് ഒരു അഭിമാന മുഹൂർത്തമെന്നു എം എം എ സെക്രട്ടറി സജിത്ത് പദ്മജ അഭിപ്രായപ്പെട്ടു. കേരളപ്പിറവി ദിനം വിവിധ പരിപാടികളോടെ കൊണ്ടാടുമെന്നും അവർ അഭിപ്രായപ്പെട്ടു.
