കൊവിഡ് രോഗികളിലെ അണുബാധ: മരണ നിരക്ക് കൂടുന്നതായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി : ആശുപത്രിയില്‍ നിന്നുണ്ടാകുന്ന അണുബാധ കാരണമുള്ള മരണ നിരക്ക് കൊവിഡ് രോഗികളില്‍ വര്‍ദ്ധിച്ചു വരുന്നതായി ഡോക്ടര്‍മാര്‍. കൊവിഡ് ബാധിച്ച് ഐസിയുവില്‍ പ്രവേശിപ്പിക്കപ്പെട്ട് മരിക്കുന്ന രോഗികളില്‍ 50 ശതമാനത്തിന് മുകളില്‍ ഇത്തരം അണുബാധയാണ് മരണകാരണം. ദിവസങ്ങളോളം ഐസിയു, വെന്റിലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉപയോഗിച്ച് ആശുപത്രികളില്‍ കിടക്കേണ്ടി വരുന്ന രോഗികളിലാണ് ഇത്തരത്തില്‍ അണുബാധ വ്യാപകമായി കണ്ടു വരുന്നത്. ഇത്തരത്തിലുണ്ടാകുന്ന അണുബാധ ആന്റിബയോട്ടിക്കുകളോട് പ്രതികരിക്കില്ല.അതിനാല്‍ മരണം സംഭവിക്കുകയും ചെയ്യും.

നാളിതുവരെ കൊവിഡ് ബാധിച്ച എത്ര രോഗികള്‍ അണുബാധ കാരണം മരിച്ചുവെന്ന കണക്ക് സര്‍ക്കാരുകളുടെ കയ്യിലില്ല. കൊവിഡിന് ശേഷം വരുന്ന ഫംഗസ് ബാധയെ കുറിച്ച് പഠനങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ആശുപത്രികളില്‍ നിന്നുണ്ടാകുന്ന ബാക്ടീരിയല്‍ അണുബാധയെ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കേണ്ടതുണ്ട്. എന്നാല്‍ ഈ പ്രശ്‌നം പുതിയ അസുഖമല്ലെന്നും കുറേക്കാലം ഐസിയുവിലും വെന്റിലേറ്ററിലും കൃത്രിമ സഹായം വേണ്ടി വരുന്ന എല്ലാതരം രോഗികളിലും ഇത്തരം അണുബാധ കണ്ടുവരാറുണ്ടെന്നുമാണ് ഡോക്ടര്‍മാരുടെ വാദം. കൊവിഡ് പോലുള്ള മഹാമാരികള്‍ ഉണ്ടാകുമ്പോള്‍ രോഗികളുടെ എണ്ണം കൂടുകയും അണുബാധ നിയന്ത്രണ മാര്‍ഗങ്ങളില്‍ താളം തെറ്റലുണ്ടാകുകയും ചെയ്യുക എന്നത് സ്വാഭാവികമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *