ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയല്‍ തുടരും ; കര്‍ഷകര്‍

പട്‌ന: ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ സെക്രട്ടറിയേറ്റ് വളയല്‍ തുടരുമെന്ന് ഹരിയാണയിലെ കര്‍ഷകര്‍. ആയിരക്കണക്കിന് കര്‍ഷകരാണ് കര്‍ണാലിലുള്ള മിനി സെക്രട്ടിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. അനാജ് മണ്ഡിയിലെ കിസാന്‍ മഹാപഞ്ചായത്ത് സമാപിച്ചതിന് പിന്നാലെയാണ് കര്‍ഷകര്‍ മിനി സെക്രട്ടറിയേറ്റ് കെട്ടിടം വളഞ്ഞത്. സെക്രട്ടറിയേറ്റിന് സമീപത്ത് സ്ഥാപിച്ചിട്ടുള്ള പോലീസ് ബാരിക്കേഡുകള്‍ അടക്കം മറികടന്നാണ് കര്‍ഷകര്‍ സെക്രട്ടറിയറ്റ് കെട്ടിടം വളഞ്ഞത്. എന്നാല്‍ കര്‍ഷകര്‍ ബലംപ്രയോഗിച്ച് കെട്ടിടത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചതോടെ പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.

മഹാപഞ്ചായത്ത് വേദിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള മിനി സെക്രട്ടേറിയറ്റിലേക്ക് കാല്‍നടയായി മാര്‍ച്ച് ചെയ്താണ് കര്‍ഷകര്‍ മിനി സെക്രട്ടറിയേറ്റിന് സമീപത്തേക്ക് എത്തുന്നത്. രാത്രിയിലും ഈ പ്രദേശത്ത് നിന്ന് കര്‍ഷര്‍ ഒഴിഞ്ഞുപോയിട്ടില്ല. ജില്ലാ ഭരണകൂടവുമായി മൂന്ന് തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ചര്‍ച്ച പരാജയപ്പെടുകയായിരുന്നുവെന്നാണ് കര്‍ഷക നേതാവ് ബല്‍ബീര്‍ സിംഗ് രാജേവാള്‍ വ്യക്തമാക്കിയത്.

കര്‍ഷകര്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കില്ല, എന്നാല്‍ മാര്‍ച്ച് തടയാന്‍ ശ്രമിച്ചാല്‍ പിന്നോട്ട് പോകില്ലെന്നും കര്‍ഷക നേതാക്കള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *