കൊല്ലത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ അപകടം ; നാലുമരണം

കൊല്ലം: കുണ്ടറ പെരുമ്പുഴയില്‍ കിണര്‍ വൃത്തിയാക്കാനിറങ്ങിയ നാലുപേര്‍ മരിച്ചു. കിണറിനുള്ളിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. രാജന്‍ (35), സോമരാജന്‍ (54), ശിവപ്രസാദ് (24), മനോജ് (32) എന്നിവരാണ് മരിച്ചത്. അപകടത്തില്‍പെട്ടവരെ പുറത്തെത്തിക്കുന്നതിനിടെ ഒരു ഫയര്‍ഫോഴ്‌സ് ഉദ്യേഗസ്ഥനും കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

അപകടം നടന്ന സ്ഥലത്ത് വീടു വെക്കുന്നതിന് മുന്നോടിയായി ഇവിടെയുള്ള കിണര്‍ വൃത്തിയാക്കാനിറങ്ങിതായിരുന്നു ഇവര്‍. ആഴമേറിയ കിണറില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവു കാരണം തൊഴിലാളികള്‍ ബോധരഹിതരാവുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. കിണറിലേക്ക് ആദ്യം ഒരു തൊഴിലാളി ഇറങ്ങി. പിന്നീട് മറ്റൊരാള്‍ കൂടി ഇറങ്ങി. ഇവരുടെ ശബ്ദമൊന്നും കേള്‍ക്കാതായതോടെ മറ്റു രണ്ടു പേരും കിണറിലേക്ക് ഇറങ്ങുകയായിരുന്നു.

സംഭവമറിഞ്ഞ നാട്ടുകാര്‍ ഉടനെ ഫയര്‍ഫോഴ്സിനെ വിളിക്കുകയും നാലുപേരെയും പുറത്തെടുക്കുകയായിരുന്നു. വളരെ ആഴമുള്ള കിണറായതിനാല്‍ രക്ഷാ പ്രവര്‍ത്തനം പൂര്‍ത്തിയാക്കാന്‍ ഏതാണ്ട ഒന്നര മണിക്കൂര്‍ സമയമെടുത്തു. ഇതിനിടെ ഇവരെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരിലൊരാള്‍ കുഴഞ്ഞു വീണു ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ ഭേദമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *