കേരളത്തെ ഉപേക്ഷിച്ചതല്ല; ചവിട്ടിപ്പുറത്താക്കിയതാണ് ; കീറ്റെക്‌സ് എം ഡി സാബു ജേക്കബ്

കൊച്ചി : കേരളത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയതാണന്ന് കിറ്റക്‌സ് എം.ഡി സാബു ജേക്കബ്. ഒരിക്കലും കേരളം വിട്ടു പോകണമെന്ന് ആഗ്രഹിച്ചിട്ടില്ല. തന്നെ മൃഗത്തെ പോലെ വേട്ടയാടുകയാണെന്നും സാബു ജേക്കബ് പറഞ്ഞു. വ്യവസായ സംരംഭം തുടങ്ങുന്നതിനുള്ള ചര്‍ച്ചകള്‍ക്കായി തെലങ്കാനയിലേക്ക് പോകുന്നതിന് മുന്‍പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

3500 കോടി രൂപയുടെ നിക്ഷേപ പദ്ധതി ഉപേക്ഷിച്ചെന്നറിഞ്ഞ് ആരും തിരിഞ്ഞുനോക്കിയില്ല. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ആരും വിളിച്ചില്ല. അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നിക്ഷേപം ക്ഷണിച്ച് വിളി വന്നു. തെലങ്കാന സര്‍ക്കാര്‍ സ്വകാര്യ ജെറ്റ് അയച്ചിരിക്കുകയാണ്. നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് തെലങ്കാന., നമ്മള്‍ ഇന്നും 50 വര്‍ഷം പിന്നിലാണ്. ഇത് മലയാളികളുടെ പ്രശ്നമാണ്. യുവതീയുവാക്കളുടെ പ്രശ്നമാണ്. മാറ്റം വന്നില്ലെങ്കില്‍ വലിയൊരു ആപത്തിലേക്ക് പോകും. എനിക്ക് യാതൊരു പ്രശ്നവുമില്ല. മറ്റു സംസ്ഥാനങ്ങള്‍ ഏറെ മാറിയിട്ടും കേരളം മാറിയിട്ടില്ലയെന്നും സാബു എം ജേക്കബ് പറഞ്ഞു.

എത്രനാള്‍ ആട്ടും തുപ്പും സഹിച്ച് ഇവിടെ നില്‍ക്കാന്‍ സാധിക്കും. പതിനായിരങ്ങള്‍ക്ക് ജോലി നല്‍കണമെന്നത് വലിയ സ്വപ്നമായിരുന്നു. ആട്ടിയോടിക്കുകയാണ് ഉണ്ടായത്. . വലിയ വേദനയുണ്ട്. എനിക്ക് ഉണ്ടായ അനുഭവം മറ്റാര്‍ക്കും ഉണ്ടാവാന്‍ പാടില്ല. ജീവന്‍ പണയം വെച്ചും ബിസിനസ് ചെയ്യുന്നവര്‍ എന്തു ചെയ്യും. ഇക്കാര്യങ്ങളെല്ലാം ചിന്തിക്കണം.

53 വര്‍ഷമായിട്ട് കേരളത്തില്‍ ഒരു വ്യവസായിക ചരിത്രം സൃഷ്ടിച്ച, വിപ്ലവം സൃഷ്ടിച്ച ഒരു വ്യവസായിയുടെ അവസ്ഥ ഇതാണെങ്കില്‍ 10000 വും 20000 ഒക്കെ മുടക്കി ജീവിതം തന്നെ പണയം വെച്ച് ബിസിനസ് നടത്തുന്നവരുടെ അവസ്ഥ എന്താണെന്ന്. ഇന്ന് കേരളത്തില്‍ നിന്ന് 53 ലക്ഷം ആളുകളാണ് തൊഴില്‍ തേടി പുറം രാജ്യങ്ങളിലേക്കും അന്യ സംസ്ഥാനങ്ങളിലേക്കും പോയിരിക്കുന്നത്. ഇത്തരത്തില്‍ മുന്നോട്ട് പോയാല്‍ ഒരു 25 വര്‍ഷം കഴിയുമ്പോഴേക്കും കേരളം പ്രായമായ അച്ഛനമ്മമാരുടെ നാടായി മാറും. ഒറ്റകുട്ടികള്‍ പോലും ഈ കേരളത്തില്‍ ഉണ്ടാകില്ല. നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലേക്ക് ഏഴ് ലക്ഷം മലയാളികളാണ് തൊഴില്‍ തേടി പോയിരിക്കുന്നത്. എന്നാല്‍ 2020 കാലഘട്ടത്തില്‍ ഒട്ടനധി തമിഴന്മാര്‍ കേരളത്തിലുണ്ടായിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്ള ജോലിക്കാരായിരുന്നു ഇവിടെയുണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ മലയാളികള്‍ അന്യസംസ്ഥാനങ്ങളില്‍ പോയി ജോലിചെയ്ത് ജീവിക്കേണ്ട സാഹചര്യമാണ്. എനിക്കൊന്നും സംഭവിക്കാനില്ല കാരണം ഇന്ത്യയിലെ ഏത് സംസ്ഥാനത്തോ ഏത് രാജ്യത്തോ പോയി എനിക്ക് ബിസിനസ് ചെയ്യാം കാരണം അവിടെ രണ്ട് കയ്യും നീട്ടി അവര്‍ സ്വീകരിക്കും എന്നും സാബു ജേക്കബ് മാധ്യമങ്ങളോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *