അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നൈപുണ്യം നേടി ഹരിതോര്‍ജ മേഖലയിലും അനുബന്ധ തൊഴില്‍ മേഖലകളിലേക്കും കടന്ന് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനര്‍ട്ടും KASE ഉം (Kerala Academy for Skill Excellence) സംയുക്തമായി Rooftop solar PV system എന്ന വിഷയത്തില്‍ നടത്തുന്ന അക്ഷയോര്‍ജ്ജ നൈപുണ്യ വികസന കോഴ്‌സിന്റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി .

തൃക്കാക്കര ഭാരത് മാത കോളേജില്‍ ആരംഭിക്കുന്ന കോഴ്‌സിന്റെ ഉദ്ഘാടന ചടങ്ങ് മന്ത്രി ഓണ്‍ലൈനായാണ് നിര്‍വഹിച്ചത്. 30 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ കോഴ്‌സാണ് നിലവില്‍ ആരംഭിക്കുന്നത്. സൗര പാനലുകളുടെ പ്രവര്‍ത്തനം, വൈദ്യുതോല്പാദനം, പരിപാലനം എന്നിവയെക്കുറിച്ചുള്ള സാങ്കേതികവിദ്യ ഈ കോഴ്‌സിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളായ നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. ശാസ്ത്ര വിഷയത്തിലെ ബിരുദ ബിരുദാനന്തര ബിരുദം,ഡിപ്ലോമ എഞ്ചിനീയറിംഗ്, BVoc Renewable energy കോഴ്‌സുകളില്‍ പഠനം തുടരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ കോഴ്‌സിന്റെ ഭാഗമാകാവുന്നതാണ്. കോഴ്‌സില്‍ പരിശീലകരുമായി സംവദിക്കാനുള്ള അവസരം,സാങ്കേതിക ടെസ്റ്റുകള്‍ നടത്തുന്ന പരിശീലനം, സൗരവൈദ്യുത വ്യാവസായിക കേന്ദ്ര സന്ദര്‍ശനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കെയ്‌സും അനെര്‍ട്ടും സംയുക്തമായി അംഗീകാരം നല്‍കി സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റാണ് കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് നല്‍കുന്നത്. സൗരവൈദ്യുതോല്‍പ്പാദന മേഖലയില്‍ പുതുതായി സൃഷ്ടിക്കപ്പെടുന്ന തൊഴിലവസരങ്ങള്‍ക്ക് യോജിച്ച രീതിയില്‍ സംസ്ഥാനത്തിന്റെ മാനവവിഭവശേഷിയുടെ നിലവാരമുയര്‍ത്തുക എന്നതാണ് കോഴ്‌സിന്റ ലക്ഷ്യം.

അനെര്‍ട്ട് സി ഇ ഒ അനീഷ് എസ് പ്രസാദ് സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഭാരത് മാതാ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ഷൈനി പാലാട്ടി ആശംസയും KASE എം ഡി പ്രേംകുമാര്‍ ഐ എ എസ് നന്ദിയും അര്‍പ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *