രാഹുൽ അമേഠിയിൽ മത്സരിക്കുമോ ?

ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായിരുന്നു അമേഠിയും റായ്ബറേലിയും. എന്നാല്‍ കഴിഞ്ഞ തവണ അമേഠി കോണ്‍ഗ്രസില്‍ നിന്നും നഷ്ടമായി.കോണ്‍ഗ്രസിന്റെ കുത്തകമണ്ഡലമായിരുന്ന അമേഠിയില്‍ 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍തോല്‍വിയാണ് രാഹുല്‍ ഏറ്റുവാങ്ങിയത്.ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി 4,68,514 വോട്ട് നേടി 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാഹുലിനെ തോല്‍പ്പിച്ചത്. അമേഠി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചതിനാല്‍ വയനാട്ടില്‍ നിന്ന് വിജയിച്ച് എംപിയാവുകയായിരുന്നു. എന്നാല്‍ തോറ്റോടിയ അമേഠിയിലേക്ക് രാഹുല്‍ വീണ്ടുമെത്തുന്നു എന്ന വാര്‍ത്ത വലിയ ചര്‍ച്ചയാവുകയാണ്. അതേസമയം രാഹുല്‍ അമേഠിയില്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.രാഹുലിന് വമ്പിച്ച വിജയം നല്‍കി പഴയ തെറ്റ് തിരുത്തണമെന്ന് അമേഠിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസിന്റെ അനുമാനം. രാഹുല്‍ വീണ്ടും അമേഠിയില്‍ വരണമെന്ന ആഗ്രഹം അവര്‍ക്കുണ്ട്.. അമേഠിയോട് ഇപ്പോഴും രാഹുലിന് അടുത്ത ബന്ധമാണുള്ളതെന്നു എഐസിസി പറയുന്നു. ഭാരത് ജോഡോ യാത്ര അടക്കം യുവജനങ്ങളില്‍ രാഹുലിന്റെ ജനപ്രീതി ഉയര്‍ത്താന്‍ കാരണമായിട്ടുണ്ട്. കേന്ദ്രസര്‍ക്കാറിന് എതിരായ രാഷ്ട്രീയ പോരാട്ടങ്ങളും അദ്ദേഹത്തിന്റെ ജനപ്രീതി ഉയരാന്‍ കാരണമായി.

അനുമാനങ്ങളും അഭ്യൂഹങ്ങളും എന്തുതന്നെ ആവട്ടെ ,
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യ’യും ഏറ്റവും പ്രധാനമായി ഇത്തവണ ഉന്നം വയ്ക്കുന്നത് യുപിയാണ്. ലോക്‌സഭയിലേക്ക് ഏറ്റവും കൂടുതല്‍ എംപിമാരെ തിരഞ്ഞെടുക്കുന്ന സംസ്ഥാനത്ത് വലിയ വിജയം നേടാനായാല്‍ രാജ്യ ഭരണം സ്വന്തമാക്കാം എന്നതാണ് പ്രധാന കാരണം. കഴിഞ്ഞ രണ്ട് തവണയും ബിജെപിയെ അധികാരത്തിലേറ്റുന്നതില്‍ നിര്‍ണായക ശക്തിയായതും യു പിയുടെ വമ്ബന്‍ ജയമായിരുന്നു. അതിനാല്‍ തന്നെ ഉത്തര്‍പ്രദേശില്‍ വലിയ തന്ത്രങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കുമാകും ഇക്കുറിയും മുന്നണികള്‍ ശ്രമിക്കുക.
അതിനിടയിലാണ് യുപിയിലെ സംഘടന സംവിധാനം ശക്തമാക്കാനായി കോണ്‍ഗ്രസ് പുതിയ അധ്യക്ഷനെ നിയോഗിച്ചത്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷനായി നിയമിതനായതിന് പിന്നാലെ അജയ് റായ് തന്റെ ആഗ്രഹങ്ങളും തന്ത്രങ്ങളും വ്യക്തമാക്കി രംഗത്തെത്തുകയും ചെയ്തു.അജയ് റായ് ഏറ്റവും പ്രധാനമായി പറഞ്ഞത് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും കാര്യമാണ്. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഉത്തര്‍പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്നാണ് യുപി പിസിസി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടത്. പ്രിയങ്കയുടെ കാര്യത്തില്‍ യു പിയില്‍ എവിടെ മത്സരിക്കാന്‍ താല്‍പ്പര്യപ്പെട്ടാലും വിജയിപ്പിക്കുമെന്നാണ് അജയ് റായ് വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിടാന്‍ വാരണാസിയില്‍ പ്രിയങ്ക ഗാന്ധി ഇറങ്ങുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് എവിടെ മത്സരിച്ചാലും അവര്‍ ജയിക്കുമെന്നും പി സി സി അധ്യക്ഷന്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *