ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി, പലപ്പോഴായി കോൺഗ്രസിൽ നിന്നും വിട്ടു പോയ നേതാക്കളെയും പ്രവർത്തകരെയും തിരിച്ചു കൊണ്ടുവരാൻ കെ.പി.സി.സി മുൻകൈ എടുക്കണമെന്ന് ചെറിയാൻ ഫിലിപ്പ്.
കോൺഗ്രസിലേക്ക് മടങ്ങിയെത്തിയ എന്നോട് നേതൃത്വം കാട്ടിയ മഹാമനസ്ക്കത എല്ലാവരോടും പുലർത്തണം. കോൺഗ്രസിൽ നിന്നും ചില നേതാക്കൾ വൈരാഗ്യ ബുദ്ധിയോടെ പുകച്ചു ചാടിച്ചവരോ, അർഹമായ പരിഗണന കിട്ടാത്തവരോ ആണ് പെട്ടെന്നുണ്ടായ മാനസിക സംഘർഷത്തിൽ പാർട്ടി വിട്ടു പോയത്. ഇവരാരും കോൺഗ്രസ് വിരുദ്ധരല്ല. കോൺഗ്രസ് അടിത്തറ ശക്തിപ്പെടുത്താൻ മണൽ തരികൾ പോലും ഇപ്പോൾ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി ഉൾപ്പെടെ ഗുരുതര അച്ചടക്ക ലംഘനത്തിന് പുറത്താക്കിയവരെ തിരിച്ചെടുക്കരുത്. പ്രാദേശിക നേതാക്കൾ തമ്മിലുള്ള തർക്കം മൂലം പാർട്ടി വിടാൻ ഒരുങ്ങുന്നവരെ സാന്ത്വനപ്പെടുത്തി കൂടെ നിർത്തേണ്ട കടമ നേതൃത്വത്തിനുണ്ട്. ആരെങ്കിലും വിട്ടു പോയാൽ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് നേതാക്കൾ രാജി വെയ്ക്കേണ്ട കാര്യമില്ല.
