കേരളത്തില്‍ കുട്ടികള്‍ക്ക് സുരക്ഷയില്ല : വി.മുരളീധരന്‍

കേരളത്തില്‍ കുട്ടികളെ ലക്ഷ്യമിട്ടിരിക്കുന്ന ലഹരി മാഫിയയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുകയാണെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍.

സേവാഭാരതി സത്ഗമയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബാലമുരളി ബാലാശ്രമം ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. ലഹരിമാഫിയയെ പിടിച്ചുകെട്ടാന്‍ കുറ്റമറ്റ ഇടപെടലുണ്ടാകണം. സംസ്ഥാനത്ത് നിയമത്തെ വെല്ലുവിളിക്കുന്ന കുട്ടികളുടെ എണ്ണം വര്‍ധിച്ചുവരുന്നത് ആശങ്കാജനകമായ കാര്യമാണ്. സ്വയവും സമൂഹത്തിനും ഗുണകരമാകുന്ന തരത്തിലും കുട്ടികളുടെ വ്യക്തിത്വത്തെ വികസിപ്പിക്കാന്‍ പൂര്‍ണമായ സമര്‍പ്പണമനോഭാവം ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ബാലാവകാശ സംരക്ഷണത്തില്‍ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാരിന്റേത്. കോവിഡ് അനാഥരാക്കിയ കുഞ്ഞുങ്ങളെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്ന പദ്ധതി, ലോകത്താകെ മാതൃകയായിരുന്നുവെന്നും വി.മുരളീധരന്‍ പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ ഭരിക്കുമ്പോള്‍ ഈ രാജ്യത്ത് ഒരു കുഞ്ഞും അനാഥരല്ലെന്നും കേരളത്തില്‍ നിന്ന് 112 കുഞ്ഞുങ്ങളെ പിഎം കെയര്‍ പദ്ധതിയിലൂടെ സംരക്ഷിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. ഇന്ത്യ പോലൊരു മഹാരാജ്യത്ത് എല്ലാം സര്ക്കാര്‍ ചെയ്യട്ടെ എന്ന സമീപനം മാറേണ്ടതുണ്ട്. രാഷ്ട്രനിര്‍മാണത്തില്‍ അത്തരമൊരു പങ്കു കൂടി നിര്‍വഹിക്കുന്ന ബാലാശ്രമത്തിന്റെ അണിയറ പ്രവര്‍ത്തകരെയും സേവാഭാരതി പ്രവര്‍ത്തകരേയും മന്ത്രി അനുമോദിച്ചു.

സമൂഹം കൂടുതല്‍ വെല്ലുവിളി നേരിടുന്ന കാലത്ത് രാജ്യസ്‌നേഹവും സഹജീവികളോടുള്ള കരുണയും ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ കൂട്ടായ ശ്രമമുണ്ടാകണമെന്നും മന്ത്രി തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പറഞ്ഞു. കുട്ടികളെ പ്രകൃതിയോടിണങ്ങി ജീവിക്കാന്‍ പഠിപ്പിക്കണമെന്നും നമ്മുടെ സംസ്‌കാരത്തിന്റെ മഹത്വം മനസിലാക്കിപ്പിച്ച് മുന്നോട്ട് പോകണമെന്നും വി.മുരളീധരന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *