പാർട്ടി ഫണ്ടിൽ തിരിമാറി ; പി.കെ ശശിക്ക് കെടിഡിസി ചെയർമാൻ സ്ഥാനവും നഷ്ടമാകും

പാർട്ടി ഫണ്ട് തിരിമറിയിൽ സിപിഐഎം നേതാവ് പി.കെ ശശിയെ കൈവിട്ടു. അതേതുടർന്ന് കെടിഡിസി ചെയർമാൻ സ്ഥാനവും നഷ്ടമാകും എന്നാണ് റിപ്പോർട്ട്. പ്രാഥമിക അംഗത്വം മാത്രമുള്ള പി കെ ശശിക്ക് ഇനി സ്ഥാനത്ത് തുടരാനാകില്ല. കമ്മ്യുണിസ്റ്റ് ജീവിതശൈലിയല്ല പികെ ശശിയുടേതെന്നാണ് കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം. ഭൂരിഭാഗം അംഗങ്ങളും ശശിക്കെതിരെ നിലപാട് എടുത്തു.

പി.കെ ശശി 20 ലക്ഷം രൂപയോളം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 2019 ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എംബി രാജേഷിനെ തോൽപ്പിക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. പാർട്ടി നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ വ്യക്തിഗത താൽപര്യങ്ങൾക്ക് ഉപയോഗിച്ചു. സഹകരണ ബാങ്കുകളിൽ ഇഷ്ടക്കാരെ തിരുകി കയറ്റിയെന്നും വിമർശനം ഉയർന്നു.

സിപിഐഎം പാർട്ടി ഓഫീസ് നിർമ്മാണ ഫണ്ടിൽ നിന്ന് 10 ലക്ഷവും ജില്ലാ സമ്മേളനം ഫണ്ടിൽ നിന്ന് 10 ലക്ഷവുമാണ് പികെ ശശി സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. എൻ എൻ കൃഷ്ണദാസ് ഒഴികെ എല്ലാവരും ശശിയെ കൈവിട്ടതോടെയാണ് നടപടിയിലേക്ക് എത്തിയത്. അന്വേഷണത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പദവികളിൽ നിന്നും ശശിയെ ഒഴിവാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചിരുന്നു.

ഇനി പ്രാഥമിക അംഗത്വം മാത്രമായിരിക്കും ഉണ്ടാവുക. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ നടപടി റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക പദവി ദുർവിനിയോഗം ചെയ്ത് ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് എല്ലാ നടപടികളും.

മണ്ണാർക്കാട് സഹകരണ എജ്യുക്കേഷൻ സൊസൈറ്റിക്ക് കീഴിലെ യൂണിവേഴ്സൽ കോളജിനു വേണ്ടി ധനസമാഹരണവും ദുർവിനിയോഗവും നടത്തിയെന്ന പരാതി പാർട്ടി അന്വേഷണ കമ്മിഷനെ നിയമിച്ച് പരിശോധിച്ചു. സിപിഎം നിയന്ത്രണത്തിലുളള വിവിധ സഹകരണ ബാങ്കുകളില്‍നിന്ന് 5.49 കോടി രൂപയാണ് ഓഹരിയായി സമാഹരിച്ചത്. പാർട്ടി അറിയാതെയായിരുന്ന ഈ ധനസമാഹരണമെന്നാണ് ആരോപണം ഉയർന്നത്.

ഒരു കമ്മ്യൂണിസ്റ്റ് നേതാവിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടാവാൻ പാടില്ലാത്ത സാമ്പത്തിക തിരിമറിയും സ്വജനപക്ഷ നിലപാടും പി കെ ശശി സ്വീകരിച്ചുവെന്നാണ് സിപിഐഎം പാലക്കാട് ജില്ലാ കമ്മറ്റിയിൽ ഉയർന്ന പ്രധാന വിമർശനം. പി കെ ശശിയുടെ പ്രവർത്തനം പാർട്ടിയോട് ചർച്ച ചെയ്യാതെയാണ്. അതേസമയം പാർട്ടി ആവശ്യപ്പെടും മുൻപ് രാജിവയ്ക്കാനാണ് തീരുമാനം എന്ന് പി കെ ശശി വ്യക്തമാക്കി. ഔദ്യോഗിക വാഹനവും കൈമാറും.

Leave a Reply

Your email address will not be published. Required fields are marked *