‘വഴക്ക്’ സിനിമയുമായി ബന്ധപ്പെട്ട തർക്കത്തിൽ സംവിധായകൻ സനൽകുമാർ ശശിധരന് തിരിച്ചടി. സംവിധായകൻ ഫേസ്ബുക്കിലൂടെ പങ്കുവച്ച സിനിമയുടെ ഫുൾ വെർഷൻ ഡിസേബിൾ ചെയ്തു. കോപ്പി റൈറ്റ് വയലേഷനുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ നിർമാണ കമ്പനിയായ പാരറ്റ് മൗണ്ട് പിക്ചേഴ്സിന്റെ പരാതിയെ തുടർന്നാണ് ചിത്രത്തിന്റെ ഫയൽ വിമിയോ ഡിസേബിൾ ചെയ്തത്.
ഈ വിഷയത്തിൽ പ്രതികരണവുമായി ടൊവിനോയും രംഗത്ത് എത്തിയിരുന്നു. സിനിമ അർഹിക്കുന്ന അംഗീകാരം ലഭിക്കാതെ പോകുമെന്നത് കൊണ്ട് തിയറ്റർ റിലീസിനോട് വിമുഖത കാണിച്ചതെന്ന് ടൊവിനോ പറഞ്ഞിരുന്നു. 27 ലക്ഷത്തോളം വഴക്കിന്റെ സഹനിർമാതാവ് എന്ന നിലയിൽ മുടക്കിയെന്നും തനിക്ക് ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയുമാണ് അതെന്നും ടൊവിനോ പറഞ്ഞിരുന്നു. എന്നാൽ ടൊവിനോയുടെ പ്രതികരണത്തെ ചോദ്യം ചെയ്തും സനൽകുമാർ രംഗത്ത് എത്തിയിരുന്നു.
ടൊവിനോ തോമസിനെ നായകനാക്കി സനൽകുമാർ ശശിധരൻ 2022ലാണ് വഴക്ക് സംവിധാനം ചെയ്യുന്നത്. ടൊവിനോ തോമസിന് പുറമെ കനി കുസൃതി, സുദേവ് നായർ, അസീസ് നെടുമങ്ങാട്, ബൈജു നെറ്റോ, തന്മയ സോൾ എന്നിവരും അണിനിരന്ന ചിത്രമാണ് വഴക്ക്. സനല്‍ കുമാര്‍ ശശിധരന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയതും. പ്രമേയം കൊണ്ട് ശ്രദ്ധനേടിയ ചിത്രം നിരൂപക പ്രശംസയും നേടിയിരുന്നു. എന്നാൽ ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരുന്നില്ല. പകരം പല ഫിലിം ഫെസ്റ്റിവലുകളിലും പ്രദർശിപ്പിച്ചു.

 
                                            