പൊതു പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടയിൽ അനൗണ്‍സ്‌മെന്റ് ഉണ്ടായതില്‍ അസ്വസ്ഥനായി ഇറങ്ങിപ്പോയതില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ബേഡഡുക്ക സര്‍വീസ് സഹകരണ ബാങ്ക് കെട്ടിട ഉദ്ഘാടന ചടങ്ങിനിടെ അനൗണ്‍സ്‌മെന്റ് തടസ്സം വന്നതുകൊണ്ട് ദേഷ്യത്തോടെ ഇറങ്ങിപ്പോയതല്ല എന്നും തനിക്കുണ്ടായ ബുദ്ധിമുട്ട് പറഞ്ഞതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കാസര്‍കോട് നടന്ന മറ്റൊരു പരിപാടിയില്‍ വെച്ച് പറഞ്ഞു. പിണങ്ങിപ്പോയെന്നത് മാധ്യമസൃഷ്ടി ആണെന്നും അദ്ദേഹം വ്യക്തമാക്കി.
കെട്ടിടം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നുവെന്ന് മുഖ്യമന്ത്രി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. ഇതിന് ശേഷം തുടര്‍ന്ന് സംസാരിക്കുന്നതിന് മുന്‍പ് തന്നെ കെട്ടിട നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിച്ച എഞ്ചിനീയര്‍മാരുടെ പേര് പറഞ്ഞുകൊണ്ട് അനൗണ്‍സ്‌മെന്റ് ഉയര്‍ന്നു. ചെവി കേട്ടുകൂടെന്നാണ് തോന്നുന്നതെന്ന് മൈക്കിന് മുന്നില്‍ നിന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതൊന്നും ശരിയായ കാര്യമല്ലെന്ന് പറഞ്ഞ് വേദി വിട്ട് പുറത്തേക്ക് പോവുകയായിരുന്നു.സിപിഎം നേതാക്കള്‍ അദ്ദേഹത്തെ അനുഗമിച്ചു. വേദിക്കടുത്തുണ്ടായിരുന്ന കാറില്‍ കയറി അദ്ദേഹം പോവുകയും ചെയ്തു.
