ഒറ്റയടിക്ക് മലക്കം മറിഞ്ഞ് സുരേഷ് ഗോപി; പൂരത്തിന് ആംബുലൻസിൽ വന്നു എന്ന് സമ്മതിച്ചു

മാധ്യമപ്രവര്‍ത്തകരോട് തുടര്‍ച്ചയായി അപമാനകരമായും ധിക്കാരപരമായും പെരുമാറുന്ന കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ നിലപാട് അപലപനീയമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതിരിക്കാന്‍ ആര്‍ക്കും അവകാശം ഉണ്ടെന്ന് സമ്മതിക്കുമ്പോള്‍ തന്നെ അതിലും പുലര്‍ത്തേണ്ട മാന്യതയ്ക്ക് നിരക്കാത്ത വിധത്തിലാണ് സുരേഷ് ഗോപി ആവര്‍ത്തിച്ചു പെരുമാറിക്കൊണ്ടിരിക്കുന്നതെന്ന് കെ. യു. ഡബ്ല്യു. ജെ വ്യക്തമാക്കി.

ജനാധിപത്യ വ്യവസ്ഥയില്‍ മാധ്യമങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്ന് കുറഞ്ഞ പക്ഷം കേരളത്തിലെ സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ നിന്നെങ്കിലും അദ്ദേഹം ചോദിച്ചു മനസ്സിലാക്കേണ്ടതാണെന്ന് കെ. യു. ഡബ്ല്യു. ജെ പറയുന്നു. സാംസ്‌കാരിക കേരളത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്ത സമീപനം തിരുത്താന്‍ സുരേഷ് ഗോപി തയാറാവുന്നില്ലെങ്കില്‍ തിരുത്തിക്കാന്‍ പാര്‍ട്ടി നേതൃത്വം മുന്നിട്ടിറങ്ങണമെന്ന് യൂണിയന്‍ പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി സുരേഷ് എടപ്പാളും ആവശ്യപ്പെട്ടു.

തൃശൂർ പൂരവിവാദത്തിൽ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പറയാൻ സൗകര്യമില്ല എന്നായിരുന്നു സുരേഷ് ​ഗോപിയുടെ മറുപടി നൽകിയത്. മാധ്യമങ്ങളോട് തന്റെ വഴിയിൽ നിന്ന് മാറാനും സുരേഷ് ​ഗോപി ആവശ്യപ്പെട്ടു. താൻ പൂരസ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണെന്നും ആംബുലൻസിലല്ല പോയതെന്നും ബിജെപി ജില്ലാ അധ്യക്ഷൻ്റെ വണ്ടിയിലാണ് താൻ പോയതെന്നും സുരേഷ് ഗോപി പ്രതികരിച്ചിരുന്നത്.

എന്നാൽ ഇപ്പോൾ പൂരത്തിനിടെ ആംബുലൻസിൽ വന്നിറങ്ങിയെന്ന് സുരേഷ് ​ഗോപി സമ്മതിച്ചിരിക്കുകയാണ്. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയില്ലായിരുന്നുവെന്നും അതിനാലാണ് ആംബുലൻസിൽ കയറിയതെന്നുമാണ് സുരേഷ് ​ഗോപിയുടെ വാദം. പൂരം കലക്കലിൽ കേസെടുത്തത് കരുവന്നൂർ തട്ടിപ്പ് മറയ്ക്കാനാണെന്നും അതിനായി പൂരമല്ല, അതിന്റെ വകഭേദങ്ങളും ഉപയോഗിക്കുമെന്നും സുരേഷ് ​ഗോപി പറഞ്ഞു. മുനമ്പം വിഷയം പോലെ പേടിയുണ്ടോ മാധ്യമങ്ങൾക്ക് സത്യം പറയാൻ. മാധ്യമങ്ങൾക്ക് രാഷ്ട്രീയം പ്രവർത്തിക്കാൻ അവകാശമില്ല. ഇതും അവഗണിക്കലാണ് എന്ന് പറയരുതെന്നും സുരേഷ് ​ഗോപി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *