വയനാട്ടിൽ രാഹുൽഗാന്ധിയെ തളക്കാൻ സ്മൃതി ഇറാനി എത്തും

രാഹുൽ ഗാന്ധിയെ തളക്കാൻ വയനാട്ടിൽ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എത്തുന്നു.വയനാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന്റെ പത്രികാ സമര്‍പ്പണത്തിനായാണ് കേന്ദ്ര മന്ത്രി എത്തുന്നത്. ഏപ്രില്‍ നാലിന് രാവിലെ പത്ത് മണിക്കാണ് പത്രികാ സമര്‍പ്പണം. ഫേസ്ബുക്ക് കുറിപ്പിലൂടെ കെ സുരേന്ദ്രൻ തന്നെയാണ് സ്മൃതി ഇറാനി വയനാട്ടിലേയ്ക്ക് വരുന്ന വിവരം അറിയിച്ചത്.

ഏപ്രില്‍ 4 ന് കാലത്ത് പത്തുമണിക്ക് വയനാട്ടില്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുകയാണ്. അമേഠിയില്‍ വികസനവിപ്ളവം എത്തിച്ച പ്രിയനായിക ശ്രീമതി സ്മൃതി ഇറാനിജിയോടൊപ്പമാണ് പത്രികാസമര്‍പ്പണത്തിന് പോകുന്നത്. എല്ലാവരും കൂടെ വരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു എന്നായിരിന്നു കെ സുരേന്ദ്രന്റെ കുറിപ്പ്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കോട്ടയായി അറിയപ്പെട്ടിരുന്ന അമേഠിയിൽ രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയത് സ്മൃതി ഇറാനിയായിരുന്നു. 55,120 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ജയം. സഞ്ജയ് ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി അടക്കമുള്ളവരെ പലവട്ടം ജയിപ്പിച്ച മണ്ഡലം അതിന് മുമ്പ് രണ്ട് തവണ മാത്രമാണ് കോൺഗ്രസിന് തിരിച്ചടി നൽകിയത്. 2004 മുതൽ തുടർച്ചയായി രാഹുൽ ഗാന്ധിയെ വിജയിപ്പിച്ച മണ്ഡലം സ്വന്തം പേരിലാക്കിയ സ്മൃതി ഇറാനിയെ തന്നെ രാഹുൽ മത്സരിക്കുന്ന വയനാട്ടിലെത്തിച്ച് പ്രചാരണം നടത്താനാണ് എൻഡിഎയുടെ നീക്കം. ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ സ്മൃതി ഇറാനി രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് രാഹുലിന്‍റെ വയനാട്ടിലേക്കും സ്മൃതി ഇറാനി വരുന്നതെന്നതും ശ്രദ്ധേയമാണ്.

2003യിലാണ് സ്മൃതി ഇറാനി ബി.ജെ.പി.യിൽ ചേർന്നത്.2004-ലെ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ചാന്ദ്നി ചൗക്ക് ലോക്സഭാ മണ്ഡലത്തിൽ കപിൽസിബലിനെതിരെ മത്സരിച്ച് പരാജയപ്പെട്ടു. യുവമോർച്ചയുടെ സംസ്ഥാന ഉപാധ്യക്ഷയായും ബി.ജെ.പി ദേശീയസമിതിയംഗമായും പ്രവർത്തിച്ചു. 2011-ൽ ഗുജറാത്തിൽനിന്ന് രാജ്യസഭയിലെത്തി. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ അമേഠി ലോക്സഭാ മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്കെതിരേ മത്സരിച്ചു പരാജയപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *