വിഴിഞ്ഞം ട്രയൽ റണ്ണിൽ പങ്കെടുക്കില്ലെന്ന് ഉറപ്പിച്ച് ശശി തരൂർ എംപി. താൻ തുറമുഖ പദ്ധതിയുടെ ശക്തമായ പിന്തുണക്കാരനാണെന്ന് പറഞ്ഞ ശശി തരൂർ ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ പുരോഗതിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനും വേണ്ടിയുള്ള ജനങ്ങളുടെ ആവശ്യങ്ങളിൽ ഒരു പുരോഗതിയും ഉണ്ടായിട്ടില്ല. യുഡിഎഫ് സർക്കാർ നൽകിയ വാഗ്ദാനങ്ങൾ നിലവിലെ എൽഡിഎഫ് സർക്കാർ പാലിച്ചിട്ടില്ലെന്നും തരൂർ കുറ്റപ്പെടുത്തി.
അതേസമയം, വിഴിഞ്ഞത്ത് കപ്പലെത്തിയതോടെ വികസന വഴിയിൽ കേരളവും ഇന്ത്യയും പ്രതീക്ഷിക്കുന്നത് വൻകുതിപ്പാണ്. ഇന്ത്യയിലേക്കുള്ള ചരക്ക് ഗതാഗതത്തിൻ്റെ ഹബ്ബായി മാറുന്ന വിഴിഞ്ഞം സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റിമറിക്കും. ഉദ്ദേശിച്ച ലക്ഷ്യത്തിലേക്കെത്താൻ കടമ്പകൾ ഇനിയും ബാക്കിയാണ്.
സിംഗപ്പൂർ, ചൈന, യുഎഇ അടക്കം തുറമുഖം തലവരമാറ്റിയ ഒരുപാട് രാജ്യങ്ങളുണ്ട്. മെഴസ്ക്കിൻ്റെ സാൻ ഫെർനാണ്ടോ കപ്പൽ വിഴിഞ്ഞം തുറമുഖത്ത് കിടക്കുമ്പോൾ നമുക്കുമുള്ളത് വാനോളം പ്രതീക്ഷകളാണ്. വിഴിഞ്ഞം കേരളത്തിൻ്റെയും ഇന്ത്യയുടേയും ഗതിമാറ്റിമറിക്കും. ഇന്ത്യയിലേക്ക് കപ്പൽ വഴിയുള്ള ചരക്ക് ഗതാഗതമേറയും സിംഗപ്പൂരും കൊളംബോയും വഴിയാണ്.
വിഴിഞ്ഞത്ത് മദർഷിപ്പുകൾ നേരിട്ടെത്തും. വിഴിഞ്ഞം വഴി ചരക്കുകൾ മറ്റിടങ്ങളിലേക്ക് പോകും. അന്താരാഷ്ട്രാ കപ്പൽ ചാലിന് അടുത്ത ആഴക്കടൽ ട്രാൻസ്ഷിപ്പ്മെന്‍റ് തുറമുഖാമായ വിഴിഞ്ഞം തുറമുഖ സർക്യൂട്ടിലെ നിർണ്ണായക കേന്ദ്രമാകും.
