ചൂട് പിടിക്കുന്ന ഇലക്ഷൻെറ ഇടയിൽ ഇപ്പോഴിതാ രാഹുൽ ഗാന്ധിയുടെ വിവാഹം ചർച്ചയാക്കുന്നു. രാഹുൽ ഗാന്ധി പറയാൻ വന്നതു രാഷ്ട്രീയമാണെങ്കിലും നാട്ടുകാർക്കും അണികൾക്കും അറിയേണ്ടത് രാഹുലിന്റെ സ്വകാര്യജീവിതത്തെ കുറിച്ചായിരുന്നു. രാഹുൽ തന്നെ വിവാഹ കാര്യത്തെ കുറിച്ച് വെളിപ്പെടുത്തിയത്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുക്കുന്നതിനിടെയാണ് രാഹുൽ വിവാഹത്തെക്കുറിച്ചുള്ള ചോദ്യം നേരിട്ടത്.
എപ്പോഴാണ് വിവാഹം കഴിക്കുന്നതെന്ന് ചോദ്യം ഉണ്ടായപ്പോൾ പുഞ്ചിരിയോടെ ഉടൻ വിവാഹം കഴിക്കേണ്ടി വരുമെന്നായിരുന്നു രാഹുലിന്റെ മറുപടി. ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല. എന്താണ് ചോദ്യമെന്ന് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് ആവർത്തിച്ച് ചോദിച്ചതിനു ശേഷമാണ് മറുപടി നൽകിയത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.
കഴിഞ്ഞ വർഷം ജയ്പൂരിലെ മഹാറാണി കോളേജിൽ വിദ്യാർത്ഥിനികളുമായുള്ള സംവാദത്തിനിടയിലും രാഹുൽ വിവാഹത്തെകുറിച്ചുള്ള ചോദ്യം നേരിട്ടിരുന്നു. മിടുക്കനും സുന്ദരനുമായിട്ടും എന്തുകൊണ്ടാണ് വിവാഹം ആലോചിക്കാത്തതെന്നായിരുന്നു ഒരു വിദ്യാർത്ഥിയുടെ ചോദ്യം. ഇതിന് മറുപടിയായി, തൻ്റെ ജോലിക്കും കോൺഗ്രസ് പാർട്ടിക്കുമായി താൻ പൂർണ്ണമായും അർപ്പണ ബോധത്തോടെ പ്രവർത്തിക്കുകയാണെന്നായിരുന്നു രാഹുൽ അന്ന് പറഞ്ഞ മറുപടി.
അതെസമയം രാജ്യത്തെ മാറ്റം ഉത്തർപ്രദേശിലൂടെ ആയിരിക്കും എന്ന് രാഹുൽ പറഞ്ഞു. മോദി സർക്കാർ വീണ്ടും വന്നാൽ അംബേദ്കർ സൃഷ്ടിച്ച ഭരണഘടന ഇല്ലായ്മ ചെയ്യുമെന്ന് ആവർത്തിച്ച്, ബിഎസ്പി വോട്ടുകൾകൂടി പോക്കറ്റിലാക്കുന്ന രാഷ്ട്രീയ തന്ത്രവും രാഹുൽ പ്രയോഗിച്ചു. ഭരണഘടനയില്ലെങ്കിൽ രാജ്യത്തു ജനങ്ങളുടെ സർക്കാരല്ലെന്നു രാഹുൽ. മോദിക്കുള്ള മറുപടിയെന്നോണം അദാനിയുടെയും അംബാനിയുടെയും സർക്കാരാകും ഉണ്ടാകുകയെന്നു കൂട്ടിച്ചേർത്തു. റായ്ബറേലി പിടിക്കാൻ ലക്ഷ്യമിട്ടു യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടു പ്രചാരണം നടത്തിയ ദിവസമാണ് രാഹുലും പ്രിയങ്കയും ഇവിടെ ഒരുമിച്ചെത്തിയത്.

 
                                            