പി വി അന്‍വര്‍ ഉദ്ദേശിച്ചത് രാഷ്ട്രീയ ഡിഎന്‍എ; എം വി ഗോവിന്ദന്‍

രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശത്തില്‍ പി വി അന്‍വറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ രം​ഗത്തെതി. രാഷ്ട്രീയ ഡിഎന്‍എയെക്കുറിച്ചാണ് അന്‍വര്‍ പറഞ്ഞതെന്നും രാഷ്ട്രീയ പാരമ്പര്യമാണ് ഉദ്ദേശിച്ചതെന്നും ജൈവപരമായി കാണേണ്ടെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. രണ്ട് ദിവസമായി അദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട പൗരനായി രാഹുൽ ഗാഡി മാറിയെന്നും രാഹുൽ ഗാഡിയുടെ ഡി. എൻ എ പരിശോധിക്കണമെന്ന അഭിപ്രായമാണെനിക്കുളളതെന്നുമാണ് പി വി അൻവർ പറഞ്ഞത്. ഇതിനെതിരെയാണ് എം വി ​ഗോവിന്ദൻ പ്രതികരിച്ചത്.

കൂടാതെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി ഒരു സീറ്റ് പോലും നേടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിജെപി ഒരിടത്തും രണ്ടാം സ്ഥാനത്ത് പോലും എത്തില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 20 മണ്ഡലങ്ങളിലും വിജയ പ്രതീക്ഷയോടെയാണ് എൽഡിഎഫ് നേരിട്ടത്. മികച്ചപ്രവർത്തനം കാഴ്ച വയ്ക്കാൻ എൽഡിഎഫിന് കഴിഞ്ഞു അതുകൊണ്ട് തന്നെ ഇടതുമുന്നണി ഇത്തവണ പുതു ചരിത്രം കുറിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. ഇടത് മുന്നണിക്ക് വന്‍ ജനപിന്തുണയാണ് ഉള്ളത്. പുതിയ ജനവിഭാഗങ്ങളിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാനായി. ഒരിക്കലും അനുകൂലിക്കാത്തവർ വരെ ഇടതുമുന്നണിയെ വിശ്വാസത്തിലെടുക്കുന്നുണ്ട്. ബിജെപിക്കെതിരായ നിലപാടിലാണ് എല്ലാവരുടേയും പ്രതീക്ഷ. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ വലിയ പങ്ക് വഹിക്കുന്ന സംസ്ഥാനം കേരളമാകും.

മുസ്ലീം വിഭാഗത്തിനെതിരായി വർഗീയ കലാപം ഇളക്കിവിടാവുന്ന വിധം മതഭ്രാന്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറയുന്നത്. മോദി പച്ചയായി വർഗ്ഗീയത പറയുന്നു. പ്രധാനമന്ത്രിയുടെ നടപടി സമനില തെറ്റൽ മാത്രമല്ല, വർഗ്ഗീയ ഭ്രാന്ത് കൂടിയാണ്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോള്‍ തോൽവി ഭയമാണ് ഇതിന് പിന്നിലെന്നും എം വി ഗോവിന്ദന്‍ വിമര്‍ശിച്ചു. രാഷ്ട്രീയം വിട്ട് മതവിദ്വേഷത്തിലേക്കാണ് മോദി പോകുന്നത്. പരാതി കണ്ടഭാവം തെരഞ്ഞെടുപ്പ് കമ്മീഷനുമില്ല. തെരഞ്ഞെടുപ്പ് കമ്മീഷന് കൂറ് ബിജെപിയോടാണെന്നും ബിജെപിക്കെതിരെ യാതൊരു നടപടിയും എടുക്കില്ല എന്ന് സിപിഎം കുറ്റപ്പെടുത്തി. വടകരയിലെ അശ്ലീല സംഘത്തെ കോൺഗ്രസ് നേതൃത്വവും സ്ഥാനാർത്ഥിയും പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആരോപിച്ച എം വി ഗോവിന്ദന്‍, കേരളത്തിൽ ജയിക്കുന്ന ആദ്യ ഇടതുപക്ഷ സ്ഥാനാർത്ഥി കെ കെ ശൈലജ ആയിരിക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!