കെ ജി ജോര്‍ജ്ജിന് പകരം പി സി ജോര്‍ജ്ജ് മരിച്ചു; കെ സുധാകരൻ

പേരിലെ പിശക് കൊണ്ട് അമിളി പറ്റുന്നത് സ്വാ ഭാവികം. അത് മരിച്ച അനുസ്മരണത്തിലാകുമ്പോഴോ! കെ സുധാകരന് പറഞ്ഞപ്പോള്‍ പേരും ആളും അങ്ങ് മാറിപ്പോയി.ഇതിനെ പരിഹസിച്ചു പൊങ്കാലയിടുകയാണിപ്പോള്‍ സോഷ്യല്‍ മീഡിയ.
അന്തരിച്ച സിനിമ സംവിധായകന്‍ കെ.ജി ജോര്‍ജിനെ അനുസ്മരിക്കുന്നതിന് പകരം പി സി ജോര്‍ജിനെയാണ് കെപിസിസി പ്രസിഡന്റ് അനുസ്മരിച്ചത്. ഇതിന്റെ വീഡിയോ നിമിഷം നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി.

കെ.ജി ജോര്‍ജിന്റെ വിയോഗത്തില്‍ അനുസ്മരിച്ച് അമളി പറ്റിയ കെപിസിസി അധ്യക്ഷന്‍ കെ.സുധാകന് മറുപടിയുമായി മുന്‍ പൂഞ്ഞാര്‍ എംഎല്‍എ പി.സി ജോര്‍ജും രംഗത്തെത്തി.
കെ.ജി ജോര്‍ജിന്റെ നിര്യാണത്തില്‍ പ്രതികരണമെടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകരോട് ‘ ജോര്‍ജ് നല്ലൊരു പൊതുപ്രവര്‍ത്തകന്‍ ആയിരുന്നു.നല്ല രാഷ്ട്രീയ നേതാവ് ആയിരുന്നു കഴിവും പ്രാപ്തിയും ഉള്ളയാളാണ്. അദ്ദേഹത്തെക്കുറിച്ച് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. അദ്ദേഹത്തെക്കുറിച്ച് ഞങ്ങള്‍ക്കൊന്നും മോശം അഭിപ്രായമില്ല. സഹാതാപമുണ്ട്’ എന്നായിരുന്നു കെ.സുധാകരന്റെ പ്രതികരണം.

ഞാനിവിടെ ജീവിച്ചിരുപ്പുണ്ടേ സുധാകരന്‍ നല്ല മനുഷ്യനാണ് അദ്ദേഹത്തെ തെറ്റിധരിപ്പിക്കരുതേ എന്നായിരുന്നു പി.സി ജോര്‍ജിന്റെ മറുപടി. ഇതിനിടയില്‍ സംവിധായകന്‍ കെ.ജി ജോര്‍ജിന്റെ നിര്യാണത്തില്‍ നടത്തിയ പ്രതികരണത്തില്‍ സംഭവിച്ച പിഴവിന്റെ പേരില്‍ കെ.സുധാകരനെ പരിഹസിക്കുന്നത് മനുഷ്യത്വരഹിതമായ നടപടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ പറഞ്ഞു.

കെ. സുധാകരന്‍ 78 വയസ്സുള്ള ഒരു രാഷ്ട്രീയ നേതാവാണ്. ഒരു തരിമ്പുപോലും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് യോജിപ്പില്ല. ഈ അടുത്ത കാലത്തായി അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് അറിയാത്തവരല്ല മാധ്യമപ്രവര്‍ത്തകരാരും. വിഖ്യാത ചലച്ചിത്രകാരന്‍ കെ. ജി. ജോര്‍ജ്ജിന്റെ മരണത്തില്‍ അനുശോചനം തേടി ഒരുപറ്റം ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തെ തേടിയെത്തി.

ആരാണ് മരണപ്പെട്ടതെന്നുപോലും അറിയാതെ അദ്ദേഹത്തിനറിയാവുന്ന ഒരു രാഷ്ട്രീയപ്രവര്‍ത്തകനാണ് മരണപ്പെട്ടതെന്ന ബോധ്യത്തില്‍ ചിലതു പറഞ്ഞു. അതിന്റെ പേരില്‍ അദ്ദേഹത്തെ ട്രോളുന്നത് തികഞ്ഞ മനുഷ്യത്വരഹിതമായ നടപടിയാണെന്ന് സുരേന്ദ്രന്‍ പ്രതികരിച്ചു.

പിശകു മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകര്‍ അപ്പോള്‍ തന്നെ അഭിമുഖം കട്ടുചെയ്ത് ഈ ദുരന്തസാഹചര്യം ഒഴിവാക്കണമായിരുന്നു. അതുണ്ടായില്ലെന്നത് അങ്ങേയറ്റം നെറികേടായിപ്പോയി. മനുഷ്യസഹജമായ ഒരു പിഴവിനെ സൈബര്‍ കഴുകന്മാര്‍ക്ക് വേട്ടയാടാനായി പലയാവര്‍ത്തി പ്രദര്‍ശിപ്പിച്ച മാധ്യമപ്രവൃത്തി ഒരു തരത്തിലും യോജിക്കാനാവുന്നതല്ലെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *