ചിരി വിരുന്നുമായി ‘പവി കെയര്‍ ടേക്കര്‍’

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ദിലീപ് സിനിമകളുടെ തുടര്‍ച്ചയാണ് എന്ന് തന്നെ ഉറപ്പിച്ച് പറയാൻ കഴിയുന്ന സിനിമയാണ് വിനീത്കുമാർ സംവിധാനം ചെയ്ത ‘പവി കെയര്‍ടേക്കർ’. കോമഡിയും റൊമാന്‍സും സെന്റിമെന്റ്സുമൊക്കെയായി ദിലീപ് ഗംഭീരപ്രകടനം നടത്തുകയാണ് ഈ ചിത്രത്തിലൂടെ. നല്ല തമാശകളും വൈകാരിക രംഗങ്ങളുമൊക്കെയായി ദിലീപ് നിറഞ്ഞാടിയപ്പോഴൊക്കെ പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചരിത്രത്തിലേക്കാണ് ഈ സിനിമയും എത്തി നില്‍ക്കുന്നത്. വിവാദങ്ങൾ ഒന്നും തന്നെ ചിത്രത്തിനെ ബാധിച്ചിട്ടില്ല.

ക്ലൌഡ് 9 എന്ന അപ്പാര്‍ട്‍മെന്റിന്റെ കെയര്‍ടേക്കറും രാത്രി സെക്യൂരിറ്റി ജീവനക്കാരനുമാണ് പവി. മധ്യവയസ്‍കിലേക്ക് എത്തുന്ന പവി ഒറ്റത്തടിയാണ്. വിവാഹ ജീവിതത്തിനായി പവിയെ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും അതിന് തയ്യാറാകുന്നില്ല. ആകെയുള്ള കൂട്ട് ബ്രോയെന്ന നായയാണ്. ബ്രോയുമായുമായുള്ള ചങ്ങാത്തവും ചിരി സാധ്യതകളുമാണ് തുടക്കത്തിലെ ആകര്‍ഷണം. അപ്പാര്‍ട്‍മെന്റില്‍ എന്തിനും ഏതിനും ആവശ്യമായി വരുന്ന കെയര്‍ടേക്കറായും നിറഞ്ഞുനില്‍ക്കുന്ന സന്ദര്‍ഭങ്ങളിലും ചിരി പടര്‍ത്തുന്നു പവി. അപ്പാര്‍ട്‍മെന്റിലെ എല്ലാമായി നിറഞ്ഞുനില്‍ക്കുന്ന പവിയുടെ ജീവിതത്തില്‍ ഒറ്റപ്പെടലിന്റെ ചെറു നൊമ്പരങ്ങളും മറ്റൊരടരായി ചേര്‍ന്നുനില്‍ക്കുന്നു.

അങ്ങനെയിരിക്കേ ഒരു പ്രത്യേക ഘട്ടത്തില്‍ കഥാ നായകന്റെ മുറിയിലേക്ക് മറ്റൊരാള്‍ കൂടി താമസിക്കാനെത്തുന്നു. പവി രാത്രിയില്‍ സെക്യൂരിറ്റി ജോലിക്കായി ഫ്ലാറ്റിലേക്ക് പോകുമ്പോഴാണ് മറ്റൊരാളെ വീട്ടുടമ ആ വാടക വീട്ടില്‍ താമസിപ്പിക്കുന്നത്. പരസ്‍പരം കാണുന്നില്ലെങ്കിലും ഇരുവരും സൗഹൃദത്തിലാകുന്നു. ഇരുവരും കുറിപ്പുകള്‍ കൈമാറുന്നു. ആ സൗഹൃദത്തിന്റെ കൌതുകവും രസവുമാണ് കഥയെ പിന്നീട് മുന്നോട്ടുനയിക്കുന്നത്. ജീവിതത്തിലെ മാറ്റങ്ങള്‍ പവിയില്‍ പ്രതിഫലിക്കുന്നു. ആ സൗഹൃദത്തിന്റെ രഹസ്യാത്‍മകതയും പ്രണയവുമാണ് സിനിമയുടെ ആകെത്തുക. പവിയായി നിറഞ്ഞാടുകയാണ് ദിലീപ്. സുവര്‍ണ കാലഘട്ടത്തിലെ ദിലീപിന്റെ ചിരി രംഗങ്ങളുടെ ഓര്‍മകള്‍ പവി ടേക്ക്‍കേയര്‍ മനസിലേക്ക് എത്തിക്കും. കോമഡി ടൈമിംഗിന്റെ കാര്യത്തിൽ ദിലീപിനെ കവച്ചുവെയ്ക്കുന്ന മറ്റൊരു നടൻ ഇല്ലയെന്നു തന്നെ പറയാം.

എല്ലാ തരത്തിലും പ്രേക്ഷകർക്ക് ചിരി വിരുന്ന് ഒരുക്കിയെടുക്കുന്നതില്‍ സംവിധായകൻ എന്ന നിലയില്‍ വിനീത് കുമാര്‍ വിജയിച്ചിട്ടുണ്ട്. പാകപ്പിഴകളിലില്ലാതെ കുടുംബസമേതം ആസ്വദിക്കാവുന്ന ഒരു സിനിമ അനുഭവം സമ്മാനിക്കുന്നു വിനീത് കുമാര്‍. സ്വാതി, റോസ്‍മി, ശ്രേയ, ജോധി, ദില്‍ന എന്നീ പുതുമുഖ നായികമാര്‍ക്ക് പുറമേ ജോണി ആന്റണി, രാധിക ശരത്‍കുമാര്‍, ധര്‍മജൻ ബോള്‍ഗാട്ടി, സ്‍ഫടികം ജോര്‍ജ് എന്നിവരും വേഷമിട്ടിരിക്കുന്നു.

തിരക്കഥ എഴുതിയിരിക്കുന്നത് രാജേഷ് രാഘവനാണ്. രസച്ചരടുകളാല്‍ കോര്‍ത്ത നിരവധി മനോഹരമായ രംഗങ്ങള്‍ പവി ടേക്ക്കെയറിനായി സമര്‍ഥമായി എഴുതിയിട്ടുണ്ട് രാജേഷ് രാഘവൻ. ഛായാഗ്രാഹണവും പ്രമേയത്തിന്റെ ലാളിത്യത്തിനൊത്തുള്ളതാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സനു താഹിറാണ്.

Leave a Reply

Your email address will not be published. Required fields are marked *