പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച; ഇ പി ജയരാജനെതിരെ പാര്‍ട്ടി നടപടി

കേരളത്തിന്‍റെ ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയ സംഭവത്തില്‍ എല്‍ഡിഎഫ് കൺവീനര്‍ ഇ പി ജയരാജനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നതായി അടുത്ത വൃത്തങ്ങള്‍. വീട്ടിലെത്തി ബിജെപി നേതാവ് കണ്ടത് പാര്‍ട്ടിയെ അറിയിച്ചില്ലെന്നത് തെറ്റായി കണക്കാക്കും. സംസ്ഥാനതലത്തില്‍ ആദ്യം പ്രശ്നം ചര്‍ച്ച ചെയ്യും, ഇതിന് ശേഷം കേന്ദ്ര നേതൃത്വം വിഷയം പരിശോധിക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. ഇപി ജയരാജനെതിരെ പാര്‍ട്ടി നടപടി ഉണ്ടായേക്കുമെന്ന സൂചനയാണ് ഈ വാര്‍ത്തയും പങ്കുവയ്ക്കുന്നത്. തിങ്കളാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്ന സാഹചര്യത്തില്‍ വൈകാതെ തന്നെ ഇപി ജയരാജനെതിരായ പാര്‍ട്ടി നിലപാട് വ്യക്തമാകുമെന്നാണ് മനസിലാകുന്നത്.

അതെസമയം ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയ അന്തർധാര തിരഞ്ഞെടുപ്പിൽ ഏശില്ലെന്ന് തൃശൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. തൃശൂരും തിരുവനന്തപുരവും ബിജെപിക്കും ബാക്കി സീറ്റുകൾ എൽഡിഎഫിനും എന്ന ധാരണ ബിജെപിയും സിപിഎമ്മും തമ്മിലുണ്ടാക്കിയിട്ടുണ്ടെന്നായിരുന്നു തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തിറങ്ങിയ കെ.മുരളീധരൻ ആദ്യം പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മുതൽ സിപിഎമ്മും ബിജെപിയും തമ്മിൽ അന്തർധാര ആരംഭിച്ചുവെന്നും പല കേസുകളുടെയും ഒത്തുതീർപ്പ് ഈ അന്തർധാരയ്ക്ക് പിന്നിലുണ്ടെന്നുമാണ് മുരളീധരന്റെ വിമർശനം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!