പാലക്കാട് ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ആശയ കുഴപ്പമില്ല, ബിജെപി തോൽക്കും : കെ മുരളീധരന്‍

എംഎല്‍എയായിരുന്ന ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് മണ്ഡലം ഉപതെരഞ്ഞെടുപ്പിനൊരുങ്ങുന്നത്. കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ യുഡിഎഫിനൊപ്പം നിന്ന മണ്ഡലമാണ് പാലക്കാട്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പങ്ങളില്ലെന്ന് കെ മുരളീധരന്‍. ജില്ലയില്‍ ബിജെപിക്ക് വിജയിക്കാനാകില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേര്‍ന്ന നേതൃയോഗത്തിന് ശേഷമായിരുന്നു പ്രതികരണം. മുതിര്‍ന്ന നേതാക്കളുടെയും പ്രവര്‍ത്തകരുടെയും അഭിപ്രായങ്ങള്‍ മാനിച്ചായിരിക്കും തീരുമാനം എടുക്കുക. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച ശേഷം മാത്രമെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ നടത്തേണ്ടതുള്ളൂവെന്നും മുരളീധരന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളുടെ യോഗത്തിലാണ് ഉപതെരഞ്ഞെടുപ്പ് ചര്‍ച്ചയായത്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉയര്‍ത്തി അനാവശ്യ വിവാദം ഉണ്ടാക്കരുതെന്ന് യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പില്‍ ജയിച്ചത് 3859 വോട്ടിനാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ നിന്ന് യുഡിഎഫിന് 52,779 വോട്ടാണ് ലഭിച്ചത്. രണ്ടാമതെത്തിയ ബിജെപിയേക്കാള്‍ 9707 വോട്ട് യുഡിഎഫിന് അധികം ലഭിച്ചു. അതേസമയം താഴേത്തട്ടിൽ പാ൪ട്ടി ദു൪ബലമാണെന്ന വിമ൪ശനവും യോഗത്തിൽ ഉയ൪ന്നു. ബൂത്ത് തലത്തിൽ പാ൪ട്ടിയെ ശക്തിപ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും. ലോക്സഭ തെരഞ്ഞെടുപ്പ് വിജയം മുന്നിൽ കണ്ട് പ്രവ൪ത്തനങ്ങളിൽ നിന്ന് പിന്നോട്ടു പോകരുതെന്നും യോഗത്തിൽ അഭിപ്രായമുയ൪ന്നു. ഇതിനിടെ യു.ഡി.എഫ് ഘടകകക്ഷിയായ നാഷണല്‍ ജനതാദള്‍ കൈപ്പത്തി ചിഹ്നം വരച്ച് വോ‌‌ട്ടഭ്യര്‍ഥിച്ച് നഗരത്തില്‍ ചുവരെഴുത്തും തുടങ്ങി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ സംഭവിച്ച പരാജയത്തിന് ശേഷം സജീവ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ച കെ മുരളീധരനെ ഒട്ടേറെ ചർച്ചകൾക്കും അനുനയനീക്കങ്ങൾക്കും ഒടുവിലാണ് തിരികെ എത്തിച്ചത്. തോൽവിക്ക് ശേഷം സംസ്ഥാന നേതൃത്വത്തിനെതിരെയും അദ്ദേഹം രംഗത്തെത്തിയിരുന്നു. തനിക്ക് സംഭവിച്ചത് അപ്രതീക്ഷിത പരാജയമാണെന്നും തോൽവിയിൽ ജില്ലാ നേതൃത്വത്തിന് മാത്രമല്ല പങ്കെന്നും വ്യക്തമാക്കി.

ഇതിന് പിന്നാലെ ഇനി താൻ മത്സര രംഗത്തുണ്ടാവില്ലെന്നും കെ മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ഇവയ്ക്ക് പിന്നാലെ വയനാട് നിന്നും രാഹുൽ ഗാന്ധി പിന്മാറിയതിന് പിന്നാലെ വീണ്ടും കെ മുരളീധരൻ്റെ പേര് ഉയർന്നുകേട്ടു. പിന്നീട് വയനാട്ടിലേയ്ക്ക് പ്രിയങ്ക ഗാന്ധി എത്തുമെന്നാണ് നേതൃത്വം തന്നെ പങ്കുവെച്ചത്. ഇതോടെ മുരളീധരൻ മത്സര രംഗത്ത് ഇനി ഉടനെ എത്തുമോ എന്ന കാര്യത്തിൽ സംശയത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *