ഉമ്മന്‍ചാണ്ടി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം. ഏറെ വേദനിപ്പിച്ച വേർപാടിന്റെ ഓർമ്മയിലാണ് രാഷ്ട്രീയ കേരളം. സംസ്ഥാന വ്യാപകമായി കോൺഗ്രസ്, ഉമ്മൻ ചാണ്ടിയുടെ ഓർമ്മ പുതുക്കാനായി നിരവധി അനുസ്മരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളാണ് തിരുവനന്തപുരം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചിരിക്കുന്നത്. പ്രിയ നേതാവ് കൂടെയില്ലെന്ന് ഇപ്പോഴും ആർക്കും വിശ്വസിക്കാനാകുന്നില്ല.
വേര്‍പാടിന്റെ മുറിവില്‍ നോവേറുന്നൊരു ഓര്‍മ്മയാണിന്നും ഉമ്മന്‍ചാണ്ടി. വിട്ടുപോയൊരു കരുതലിന്റെ കൈത്തലമാണ് ഒ സി. ഹൃദയംകൊണ്ട് ബന്ധിക്കപ്പെട്ടവര് വിലാപങ്ങളില്‍ കണ്ണിചേര്‍ന്ന് രാവും പകലുമായി നല്കിയ വിടപറച്ചിലിന് രാഷ്ട്രീയ കേരളത്തില്‍ സമാനതകളില്ല. പകരമൊരാളില്ലെന്ന തോന്നലാണ് ഉമ്മന്‍ചാണ്ടിയുടെ മരണം ബാക്കിവയ്ക്കുന്ന വിടവ്. പൊതുപ്രവര്‍ത്തനത്തിന്റെ എല്ലാകാലത്തും ആത്മബന്ധത്തിന്റെ നൂലുകൊണ്ട് അണികളെ തുന്നിക്കൂട്ടിയ നേതാവ്. ജനസമ്പര്‍ക്കം കൊണ്ടുതന്നെ ജനകീയത അടയാളപ്പെടുത്തിയ ഉമ്മന്‍ചാണ്ടിക്ക് മനസാക്ഷിയായിരുന്നു എന്തിനും മാനദണ്ഡം.
അതേസമയം ഉമ്മൻ ചാണ്ടിയുടെ പേരിൽ അമ്പതോളം വീടുകൾ പൂർത്തിയാക്കി നൽകണം എന്നാണ് തൻ്റെ ആഗ്രഹമെന്ന് മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ. ഇടുക്കി കഞ്ഞികുഴിയിലെ ഉമ്മൻചാണ്ടി കോളനിയിൽ ഇന്നല്ലെങ്കിൽ നാളെ പിതാവിൻ്റെ പേരിൽ സ്കൂൾ നിർമ്മിക്കും എന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും നിയമസഭയിൽ ഉൾപ്പെടെ എതിർ പാർട്ടിക്കാർ തന്നോട് ഉമ്മൻ ചാണ്ടിയുടെ മകൻ എന്ന നിലയിൽ പ്രത്യേക സൗഹൃദം പുലർത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
