തെരഞ്ഞെടുപ്പ്‌ വിജ്ഞാപനം; മഞ്ജു വാര്യരുടെ വാഹനം പരിശോധിച്ച് പൊലീസ്

എല്ലാ സ്ഥലങ്ങളിലും ഇപ്പോൾ തെരഞ്ഞെടുപ്പ്‌ ബഹളമാണ്. ലോക്സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതിന് പിന്നാലെ തെരഞ്ഞെടുപ്പ്‌ പെരുമാറ്റചട്ടവും നിലവില്‍ വന്നുകഴിഞ്ഞു. ഇതോടെ കൃത്യമായ രേഖകള്‍ ഇല്ലാതെ വാഹനങ്ങളില്‍ 50000 രൂപയില്‍ കൂടുതല്‍ പണം കൊണ്ടുപോകാന്‍ പാടില്ലെന്ന നിബന്ധനകള്‍ ഉള്‍പ്പെടേയുള്ളവ പ്രാബല്യത്തില്‍ വന്ന് കഴിഞ്ഞു.
നമ്മുടെ പ്രിയ താരം മഞ്ജു വാര്യരുടെ വാഹനവും ഇതിന്റെ ഭാഗമായി പൊലീസ് പരിശോധിച്ചു.അത് കേരളത്തില്‍ അല്ല, തമിഴ്നാട്ടിലാണ് എന്ന് മാത്രം.

തിരുച്ചിറപ്പള്ളി-അരിയല്ലൂർ ദേശീയ പാതയിൽ തിരുച്ചിറപ്പള്ളിക്കുസമീപം നഗരം എന്ന സ്ഥലത്ത് വെച്ച് ഉദ്യോഗസ്ഥർ നടിയുടെ കാർ തടഞ്ഞുവെച്ച് പരിശോധിക്കുകയായിരുന്നു. വളരെ സൗഹൃദപരമായാണ് ഉദ്യോഗസ്ഥർ ഇടപെട്ടതെന്നും അവരുടെ നിർദേശപ്രകാരം പരിശോധനയ്ക്ക് സഹകരിച്ചെന്നും മഞ്ജു പറഞ്ഞു.

വെട്രിമാരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ വിടുതലൈ-2 ന്റെ ചിത്രീകരണത്തിനാണ് മഞ്ജു വാര്യർ തിരുച്ചിറപ്പള്ളിയിലെത്തിയത്. താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ലൊക്കേഷനിലേക്ക് പോകുന്നതിനിടെയാണ് ഫ്ളൈയിങ് സ്ക്വാഡിന്റെ പരിശോധനയുണ്ടായത്. കാറിന്റെ ഡിക്കിയില്‍ അടക്കം പൊലീസ് പരിശോധന നടത്തി.

തടഞ്ഞ് നിർത്തിയ കാറില്‍ സിനിമ താരമാണെന്ന് കണ്ടതോടെ പരിസരത്ത് ഉണ്ടായിരുന്ന ആളുകള്‍ കാറിന് ചുറ്റും കൂടി സെല്‍ഫി എടുക്കാന്‍ ആരംഭിച്ചു. കാറില്‍ ഇരുന്നുകൊണ്ട് തന്നെ താരം സെല്‍ഫിക്ക് പോസ് ചെയ്യുകയും ചെയ്തു. അതേസമയം, കഴിഞ്ഞ ദിവസം ഡി എം കെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും തൂത്തുക്കുടി സ്ഥാനാർഥിയുമായ കനിമൊഴിയെയും യാത്രാമധ്യേ തടഞ്ഞുനിർത്തി ഫ്ളൈയിങ് സ്ക്വാഡ് പരിശോധിച്ചിരുന്നു.

മതിയായ രേഖകളില്ലാതെ കൊണ്ടുപോകുന്ന പണം മാത്രമല്ല, മദ്യം, മറ്റ് ലഹരി വസ്തുക്കള്‍, സ്വര്‍ണമടക്കമുള്ള അമൂല്യലോഹങ്ങള്‍, സൗജന്യവിതരണത്തിനുള്ള വസ്തുക്കള്‍ എന്നിവയെല്ലാം
ഈ സമയത്ത് പൊലീസിന് പിടിച്ചെടുക്കാം.

Leave a Reply

Your email address will not be published. Required fields are marked *