നവകേരള ബസില്‍ കയറാന്‍ ആളില്ല. ചെലവുകാശ് പോലും കിട്ടാതെ സാഹചര്യത്തിലാണ് നവകേരള ബസ് നിലവിൽ ഉളളത്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലായത്. ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസം സർവീസ് നടത്തിയിരുന്നില്ല. ഇപ്പോഴിതാ 11 യാത്രക്കാരുമായി വീണ്ടും സർവീസ് തുടങ്ങി. കോഴിക്കോട്ടുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസിന്റെ സര്‍വീസാണ് ആളില്ലാത്തതിനാല്‍ മുടങ്ങിയത്. ബുധനും, വ്യാഴവും ബസ് സര്‍വീസ് നടത്തിയില്ല.
ഒരാള്‍ പോലും ടിക്കറ്റ് ബുക്ക് ചെയ്തിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വിശദീകരണം. മേയ് അഞ്ചു മുതലാണ് കോഴിക്കോട് – ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് നടത്തിയിരുന്നത്. ബസ് അവസാനമായി സർവീസ് നടത്തിയ 9ന് ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് മൂന്ന് പേരാണ് യാത്ര ചെയ്തത്. അവധി ദിവസങ്ങളിൽ മാത്രമാണ് കെഎസ്ആർടിസിക്ക് ബസിൽ നിന്ന് ലാഭം കിട്ടുന്നത്. മറ്റ് ബസുകളിൽ 700 രൂപ നിരക്കാണെങ്കിൽ നവകേരളയിൽ 1240 രൂപയാണ് നിരക്ക്. നിലവിൽ സർവീസ് നടത്തുന്ന റൂട്ടിന് പകരം കോഴിക്കോട്- തിരുവനന്തപുരം റൂട്ടിൽ സർവ്വീസ് നടത്തണമെന്ന ആവശ്യവും ഇതോടെ ശക്തമായി.
നവകേരള സദസ്സിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസായിരുന്നു ഇത്, ആധുനിക രീതിയിലുളള സജീകരണങ്ങൾ ഉണ്ട് എങ്കിലും ഈ സംവിധാനങ്ങളും ഉയര്‍ന്ന നിരക്കും ആളുകളെ ആകര്‍ഷിച്ചില്ല. എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്, ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍. മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ക്രമീകരിച്ചിരുന്നു. ശുചിമുറി, വാഷ്‌ബേസിന്‍, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

 
                                            