സമ്മര്‍ദവും ഹൃദ്രോഗവും തമ്മിലുള്ള ബന്ധത്തേക്കുറിച്ചുള്ളകുറിച്ച് പഠനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സമ്മര്‍ദമേറിയ ജോലിയിലൂടെ കടന്നുപോകുന്നവരില്‍ ഹൃദ്രോഗസാധ്യത ഇരട്ടിയാണെന്ന് പഠനം പറയുന്നു.പതിനെട്ടു വര്‍ഷത്തോളം നീണ്ടുനിന്ന പഠനത്തില്‍ 6,400 പേരില്‍ നിന്നുള്ള വിവരങ്ങളാണ് ശേഖരിച്ചത്.
കാനഡയിലെ CHU ക്യുബെക് യൂണിവേഴ്‌സിറ്റി ലാവല്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പഠനത്തിനു പിന്നില്‍. സര്‍ക്കുലേഷന്‍:കാര്‍ഡിയോവാസ്‌കുലാര്‍ ക്വാളിറ്റി ആന്‍ഡ് ഔട്ട്കംസ് എന്ന ജേര്‍ണലിലാണ് പ്രസ്തുതപഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോലിസംബന്ധമായ സമ്മര്‍ദം എങ്ങനെ ഹൃദ്രോഗത്തിലേക്കു നയിക്കുന്നു എന്നാണ് പഠനം വിശകലനം ചെയ്തത്. പ്രത്യേകിച്ച് പുരുഷന്മാരില്‍ ഇതിനുള്ള സാധ്യത കൂടുതലാണെന്നും പഠനം പറയുന്നു.
രണ്ടുരീതിയിലുള്ള സമ്മര്‍ദത്തേക്കുറിച്ചാണ് പഠനത്തില്‍ പറയുന്നത്. ആദ്യത്തേത് ജോലിയുടെ സ്വഭാവത്തേക്കുറിച്ചാണ്. ജീവനക്കാരന് കൂടുതല്‍ ജോലിയും എന്നാല്‍ സ്വന്തം ജോലിയില്‍ നിയന്ത്രണം കുറവുള്ളതുമായ വിഭാഗമാണ് ആദ്യം പരിശോധിച്ചത്. ആക്റ്റീവ് ജോലിക്കാരില്‍ കൂടുതല്‍ ജോലിക്കൊപ്പം തന്നെ അതിന്മേലുള്ള നിയന്ത്രണവും ഉണ്ടായിരിക്കും. പാസീവ് ജോലിക്കാരില്‍ ജോലിയും നിയന്ത്രണവും കുറവായിരിക്കും. ജോലി കുറവും അതിന്മേലുള്ള നിയന്ത്രണം കൂടുതലുമുള്ള വിഭാഗമാണ് മറ്റൊന്ന്.
അടുത്തതായി പരിശോധിച്ചത് ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള പ്രതിഫലം സംബന്ധിച്ചാണ്. ഒരുവ്യക്തിയുടെ ജോലി ആവശ്യപ്പെടുന്നതിന് അനുസരിച്ചുള്ള ശമ്പളവും പ്രൊമോഷനും ജോലിയുടെ സ്ഥിരതയും ഉള്‍പ്പെടെയാണ് ഇവിടെ പരിശോധിച്ചത്. ജോലിയുടെ സമ്മര്‍ദം മാത്രമല്ല പരിശോധിച്ചതെങ്കിലും മറ്റു സമ്മര്‍ദങ്ങള്‍ക്കൊപ്പം ഇതുകൂടി കൂടിച്ചേരുമ്പോഴുള്ള ആഘാതമാണ് കാരണം എന്നാണ് ഗവേഷകര്‍ പറയുന്നത്.
