തിരുവനന്തപുരം: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കം മുഴുവന്‍ പ്രതികളെയും കോടതി കുറ്റമുക്തരാക്കാനിടയാക്കിയത് പിണറായി പോലീസ്- ആര്‍എസ്എസ് കൂട്ടുകെട്ടിന്റെ മറ്റൊരുദാഹരണമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ആര്‍ സിയാദ്. കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണ് പ്രതികള്‍ കുറ്റവിമുക്തരാകാന്‍ കാരണമായിരിക്കുന്നത്. കുറ്റപത്രം വൈകിയതാണ് പ്രതികള്‍ രക്ഷപ്പെടാനിടയാക്കിയതെന്നു കോടതി നിരീക്ഷണങ്ങളില്‍ നിന്നു തന്നെ ബോധ്യം വരും.
പ്രതികളെ രക്ഷപ്പെടുത്തുന്നതിനാണ് ഇത്തരത്തില്‍ കുറ്റപത്രം വൈകിപ്പിച്ചതെന്നു വിമര്‍ശിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. സമീപകാലത്ത് സംസ്ഥാനത്ത് പോലീസ് സേനയിലുള്‍പ്പെടെ ഉന്നത മേഖലകളില്‍ ബിജെപി സ്വാധീനമുറപ്പിക്കുന്നതിന്റെയും സിപിഎമ്മും മുഖ്യമന്ത്രിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് ധാരണയുടെയും തുടര്‍ച്ചയാണ് ഈ കേസിന്റെ വഴിത്തിരിവിനും ഇടയാക്കിയതെന്നു കാണാന്‍ കഴിയും. കേസിന്റെ തുടക്കം മുതല്‍ പോലീസും അന്വേഷണ വിഭാഗവും തികഞ്ഞ അനാസ്ഥയാണ് തുടര്‍ന്നത്. സംസ്ഥാനത്ത് സംഘപരിവാര നേതാക്കള്‍ പ്രതികളാകുന്ന കേസുകള്‍ നിര്‍വീര്യമാകുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ നാം കണ്ടു വരികയാണ്.
സംഘപരിവാറിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ ആറു പ്രതികളാണ് ഏറെ പ്രമാദമായ കേസില്‍ കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നത്. ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കേസില്‍ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റവിമുക്തരായിരിക്കുന്നത് പൊതുസമൂഹത്തിന് നിയമവാഴ്ചയിലുള്ള വിശ്വാസം നഷ്ടപ്പെടാനിടയാക്കും. സുരേന്ദ്രനു മേല്‍ ആരോപണം ഉയര്‍ന്ന കൊടകര, മാനന്തവാടി ഉള്‍പ്പെടെ നിര്‍ണായകമായ പല കേസുകളിലും പോലീസും അന്വേഷണ ഉദ്യോഗസ്ഥരും സ്വീകരിക്കുന്ന നിലപാടുകള്‍ ഇത്തരത്തില്‍ തന്നെയാണ്. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പി ആര്‍ സിയാദ് ആവശ്യപ്പെട്ടു.
