മൻ കീ ബാത്ത് വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു : ഡോ.എസ്.ജയശങ്കർ

വിദ്യാർത്ഥികളുടെ വ്യക്തിത്വ വികാസത്തിന് വഴി വയ്ക്കുന്ന പ്രഭാഷണ പരിപാടിയാണ് മൻ കീ ബാത്ത് എന്ന് വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കർ. രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകാന്‍ ഏവരെയും പ്രേരിപ്പിക്കുന്ന, അഭിമാനവും ദേശീയതയും വളർത്തുന്ന പരിപാടി, വിദ്യാർത്ഥികൾക്ക് പ്രചോദനവും പരിവർത്തന ശക്തിയും പകരുന്നു.

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള മൻ കീ ബാത്ത് ക്വിസ് മത്സര വിജയികളായ മലയാളി വിദ്യാർത്ഥി സംഘവുമായി അദ്ദേഹം സംവദിച്ചു. മുൻ വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ഒപ്പമാണ് ഇരുപത്തിമൂന്ന് അംഗ വിദ്യാർത്ഥി സംഘം എസ്. ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

പ്രധാനമന്ത്രിയുടെ പ്രഭാഷണ പരിപാടി ശ്രദ്ധയോടെ ശ്രവിച്ച്, മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥി സംഘത്തെ അനുമോദിച്ച ഡോ.എസ്.ജയശങ്കർ, വിദ്യാർത്ഥികൾക്ക് ഒപ്പം ചിലവഴിച്ചത് ഊഷ്മള നിമിഷങ്ങൾ എന്നും വി. മുരളീധരന് നന്ദി അറിയിക്കുന്നതായും ഫേസ്ബുക്കിൽ കുറിച്ചു.

ലോക്സഭ സ്പീക്കർ ശ്രീ. ഓം ബിർളാജിയുമായും കേന്ദ്ര ഫിഷറീസ് സഹമന്ത്രി ശ്രീ.ജോർജ് കുര്യനുമായും വിദ്യാർത്ഥികൾ കൂടിക്കാഴ്ച നടത്തി. ഡല്‍ഹിയിലെയും സമീപത്തെയും ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലും സ്മാരകങ്ങളിലും പാർലിമെൻ്റിലും വിദ്യാർത്ഥികൾ സന്ദർശനം നടത്തി.

നാളെ (14/08/24) ഉച്ചയ്ക്ക് 12.30 ന് ധനമന്ത്രി നിർമല സീതാരാമനുമായി വിദ്യാർത്ഥി സംഘം കൂടിക്കാഴ്ച നടത്തും. വൈകിട്ട് അഞ്ചുമണിക്ക് ദേശീയ ബാല ഭവനിൽ നടക്കുന്ന ചടങ്ങിൽ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ സർട്ടിഫിക്കറ്റുകൾ സമ്മാനിക്കും.

സ്വാതന്ത്ര്യദിനാഘോഷ പരിപാടികളില്‍ കൂടി പങ്കെടുത്ത ശേഷമാണ് സംഘം നാട്ടിലേക്ക് മടങ്ങുക. നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായി തിരുവനന്തപുരം ജില്ലയിൽ സംഘടിപ്പിച്ച മത്സരത്തിൽ വിജയികളായ 23 വിദ്യാർഥികളാണ് ഡൽഹി സന്ദർശന സംഘത്തിൽ ഉള്ളത്

Leave a Reply

Your email address will not be published. Required fields are marked *