പാർട്ടി പറഞ്ഞത് അതുപോലെ അനുസരിച്ചതിന്റെ പല ഫലങ്ങളും അനുഭവിച്ചിട്ടുണ്ട് അതുകൊണ്ടു തന്നെ മുന്‍പ് തെരഞ്ഞെടുപ്പുകളിൽ എല്ലായിടത്തും പോയി മത്സരിക്കുന്ന രീതി മാറ്റി പിടിക്കുകയാണ് ഇനി കെ മുരളീധരന്‍. നൂറ് ശതമാനം വിശ്വാസമുള്ള മണ്ഡലത്തിലെ ഇനി മത്സരിക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കാരണം പാര്‍ട്ടി പറഞ്ഞതെല്ലാം അനുസരിച്ച തനിക്ക് നഷ്ടം മാത്രമാണ് ഉണ്ടായത് എന്നും പാര്‍ട്ടിക്ക് ഒരു നഷ്ടവും ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കളക്ടര്‍മാരെ മാറ്റുന്നത് പോലെ സ്ഥാനാര്‍ത്ഥികളെ മാറ്റിയാല്‍ ഭാവിയിലും ദോഷം ചെയ്യും. തൃശൂര്‍ മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ വയനാട് ക്യാംപില്‍ തനിക്ക് എതിരെ വിമര്‍ശനമുണ്ടായെന്ന പ്രചാരണം തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് കുത്തിത്തിരുപ്പ് നടത്തി തന്നെ പുറത്താക്കിയാല്‍ രാഷ്ട്രീയ വിരമിക്കല്‍ നടത്തി വീട്ടിലിരിക്കും എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി. ഇതിന്റെ ഉദാഹരണമാണ് വയനാട് ക്യാംപില്‍ തനിക്കെതിരെ പരാതി ഉയര്‍ന്നുവെന്ന വ്യാജ വാര്‍ത്ത പ്രചരിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വടകര ലോക്സഭ മണ്ഡലത്തില്‍ തന്റെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയിരുന്നു എന്നും തൃശൂരില്‍ ശക്തമായ മത്സരം വേണമെന്ന് സിറ്റിംഗ് എംപിയായ ടി എന്‍ പ്രതാപന്‍ പോലും പറഞ്ഞിരുന്നെന്നാണ് പാര്‍ട്ടി സൂചിപ്പിച്ചത്. അക്കാരണത്താല്‍ മണ്ഡലം മാറി മത്സരിക്കണം എന്ന ആവശ്യം ഉയരുകയായിരുന്നു. എന്നാല്‍ തൃശൂരില്‍ മുന്‍കൂട്ടിയുള്ള പാര്‍ട്ടി പ്രവര്‍ത്തനങ്ങളും സുരേഷ് ഗോപി നടത്തിയ പ്രവര്‍ത്തനങ്ങളും സംബന്ധിച്ച് പഠിച്ചിരുന്നില്ലെന്നും ഇത് രണ്ടും പരാജയത്തിന് കാരണമായി എന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരത്ത് ലത്തിന്‍ കത്തോലിക്കരും മുസ്ലീങ്ങളും ശശി തരൂരിനെ പിന്തുണച്ചു. തൃശൂരില്‍ തീരദേശമേഖലയിലെ ധീവര വിഭാഗം ബിജെപിക്ക് വോട്ട് ചെയ്തു. തൃശൂരിലെ മുസ്ലീങ്ങളിലെ എപി സുന്നി വിഭാഗം എല്‍ഡിഎഫിനെ പിന്തുണച്ചു. ക്രിസ്ത്യന്‍, നായര്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് ലഭിക്കുമെന്നും മുസ്ലീം വോട്ടുകള്‍ ചിതറുമെന്നുമാണ് ബിജെപി വിലയിരുത്തിയത് എന്നും അദ്ദേഹം പറഞ്ഞു. തന്റെ മതേതരമുഖം നഷ്ടപ്പെടില്ലെന്നും മുരളീധരന്‍ ചൂണ്ടിക്കാട്ടി.
