മണിപ്പൂരില്‍ ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായം; രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമെന്ന് ശശി തരൂർ

മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെളളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂര്‍ എംപി. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂര്‍ പറഞ്ഞു. രണ്ടും പ്രധാന ദിവസങ്ങളാണ് അതുകൊണ്ട് തന്നെ ഈ രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമാണ്. സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാന ദിനമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. സിഎഎ വിഷയത്തിൽ മുഖ്യമന്ത്രിയുടേത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്നും ശശി തരൂര്‍ പറഞ്ഞു. ഒരു സമുദായത്തിന്റെ വോട്ടുകൾ നേടാനുള്ള ശ്രമമാണിത്. ആരോപണങ്ങൾക്ക് എന്താണ് തെളിവാണുള്ളതെന്നും തരൂര്‍ ചോദിച്ചു. ബിൽ അവതരിപ്പിച്ചപ്പോൾ എതിർക്കാൻ ധൈര്യം കാണിച്ചത് കോൺഗ്രസാണെന്നും ശശി തരൂര്‍ പറഞ്ഞു.

നേരത്തെ മണിപ്പൂരില്‍ ഈസ്റ്ററിന് അവധി ഒഴിവാക്കി പ്രവര്‍ത്തിദിനമാക്കിയുള്ള സര്‍ക്കാര്‍ നടപടിക്കെതിരെ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറും പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തിയിരുന്നു. ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ മണിപ്പൂര്‍ സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാണ് രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടത്. ഈസ്റ്റർ അവധി അവകാശമാണ്. വിവാദ തീരുമാനം പിൻവലിക്കണമെന്ന് മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടുവെന്നും അഭ്യർത്ഥനയിൽ മണിപ്പൂർ സർക്കാർ അനുകൂലമായ തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെയാണ് ഈസ്റ്റര്‍ ദിനത്തിലെ ഔദ്യോഗിക അവധി പിൻവലിച്ച് മണിപ്പൂര്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈസ്റ്റര്‍ ദിനം പ്രവര്‍ത്തി ദിനമായിരിക്കുമെന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. മാര്‍ച്ച് 31 നാണ് ഈ വര്‍ഷത്തെ ഈസ്റ്റര്‍. മാര്‍ച്ച് 30 ശനിയാഴ്ചയും 31 ഞായറാഴ്ചയുമാണ്. ഈ രണ്ട് ദിവസങ്ങളും പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് ഈസ്റ്റര്‍ ദിനം.

Leave a Reply

Your email address will not be published. Required fields are marked *