സുരക്ഷാ പരിശോധനകള്‍ക്ക് വേണ്ടി ചിപ്‌സണ്‍ ഹെലികോപ്റ്റര്‍ തലസ്ഥാനത്ത് എത്തിച്ചു. മുഖ്യമന്ത്രിയുടെ യാത്രക്കായി പൊലിസ് വാടകക്കെടുക്കുന്ന ഹെലികോപ്റ്ററാണ് എസ്എപി ക്യാമ്പിലെ ഗ്രൗണ്ടില്‍ പരിശോധനക്ക് എത്തിച്ചിരിക്കുന്നത്. ഏറെ വിവാദമായിരുന്നു മുഖ്യമന്ത്രിയുടെ ഹെലികോപ്റ്റര്‍ യാത്ര.
വാടക കരാറുമായി ബന്ധപ്പെട്ട് നീണ്ടു നിന്ന് അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് ഹെലികോപ്റ്റര്‍ വാടകക്കെടുത്തത്. മൂന്നു വര്‍ഷത്തേക്കാണ് ചിപ്‌സണ്‍ ഏവിയേഷനുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇന്നലെയാണ് അന്തിമ കരാര്‍ ഒപ്പിട്ടത്. പ്രതിമാസം 25 മണിക്കൂര്‍ പറക്കാന്‍ 80 ലക്ഷം രൂപയാണ് കരാര്‍ പ്രകാരം കമ്പനിക്ക് നല്‍കേണ്ടത്. അധികം വരുന്ന ഓരോ മണിക്കൂറും 90,000 രൂപ നല്‍കണം.
രണ്ട് വര്‍ഷത്തേക്കു കൂടി കരാര്‍ നീട്ടാമെന്നും ധാരണ പത്രത്തിലുണ്ട്. നേരത്തെ, കോടിക്കണക്കിന് രൂപ ചിലവാക്കിയാണ് ഹെലികോപ്റ്റര്‍ വാടകയ്‌ക്കെടുത്തത്. എന്നാല്‍ എന്തിനാണ് ഹെലികോപ്റ്റര്‍ എടുത്തത് എന്നതില്‍ കാര്യമുണ്ടായില്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഹെലികോപ്റ്റര്‍ എടുത്തതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നതിന് തുടര്‍ന്ന് തീരുമാനം തല്ക്കാലം മരവിപ്പിച്ചിരുന്നുവെങ്കിലും വീണ്ടും കരാര്‍ നല്‍കുകയായിരുന്നു.
ടെണ്ടര്‍ കാലാവധി കഴിഞ്ഞ കരാറുകാര്‍ക്കാണ് കരാര്‍ നല്‍കിയത്. ഇതിന്റെ നിയമപരിശോധന നടത്തേണ്ടി വന്നിരുന്നു. പാര്‍ക്കിംഗുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിലനിന്നിരുന്നു. ഇപ്പോള്‍ ചാലക്കുടിയിലാണ് പാര്‍ക്കിംഗ് നടത്തുന്നത്. എന്നാല്‍ കവടിയാറില്‍ സ്വകാര്യ ഗ്രൂപ്പ് നിര്‍മ്മിക്കുന്ന പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ഹെലികോപ്റ്ററിന് സൗകര്യമൊരുക്കാനും ആലോചനയിലുണ്ട്.

 
                                            