സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച നടന്‍ ഭീമന്‍ രഘുവിന്റെ ദൃശ്യങ്ങള്‍ വൈറലാവുകയാണ്. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്ന് ഭീമന്‍ രഘു പിന്നീട് പ്രതികരിച്ചു. തിരുവനന്തപുരത്തെ നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു കഴിഞ്ഞദിവസം ഈ സംഭവം നടന്നത്.
മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടന്‍ എഴുന്നേറ്റ് നില്‍ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞപ്പോള്‍ പുഞ്ചിരിയോടെ കയ്യടിയും നല്‍കിയാണ് രഘു കസേരയിലിരുന്നത്.
രണ്ടുമാസം മുമ്ബാണ് ഭീമന്‍ രഘു ബി ജെ പി വിട്ട് സി പി എമ്മില്‍ ചേര്‍ന്നത്. അന്ന് എ കെ ജി സെന്റര്‍ സന്ദര്‍ശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഭീമന്‍ രഘു പറഞ്ഞിരുന്നു.
‘മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാന്‍ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേള്‍ക്കുക. കാരണം ഞാന്‍ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്,’ ഭീമന്‍ രഘു പ്രതികരിച്ചു.
അതേസമയം ബി ജെ പി യില്‍ നിന്നും സി പി എമ്മി നൊപ്പം എത്തിയതു കൊണ്ടാണോ ബഹുമാനമെന്ന മാധ്യമ പ്രവര്‍ത്തകന്റ ചോദ്യത്തിന് ‘അത് മാത്രം ഇപ്പോള്‍ വേണ്ട. ഇപ്പോള്‍ അവാര്‍ഡ് മാത്രം മതി. അവിടെയിരുന്നത് ഇവിടെയിരുന്നത് ഒക്കെ പിന്നെ. അത് പുറത്ത് വന്നിട്ട് സംസാരിക്കാം,’ എന്നായിരുന്നു താരത്തിന്റെ മറുപടി.
എന്തായാലും നിരവധി പേരാണ് വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തുന്നത്. അടുത്ത ഇലക്ഷനില്‍ ഒരു സീറ്റ് കിട്ടാന്‍ വേണ്ടി ചെയ്യുന്ന പെടാപാട് എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ലാസ്റ്റ് മുഖ്യന്‍ വിളിച്ചു OUTSTANDING പേഴ്‌സണാലിറ്റി അവാര്‍ഡ് നല്കിയത്രെ എന്നാണ് മറ്റൊരു കമന്റ്. അടിമകള്‍ അങ്ങനാണ്….ഇരിക്കാറില്ല, നിപ്പയേക്കാള്‍ കൂടിയ രാഷ്ട്രീയ വൈറസ് ബാധിച്ചവന്‍, ചക്കരക്കുടം കാത്തു കിടക്കുന്നവര്‍, എന്നിങ്ങനെ കമന്റുകള്‍ നീളുകയാണ്.
