സിപിഎമ്മിൻ്റെയും ബിജെപിയുടെയും അരാഷ്ട്രീയ കെണിയിൽ പൊതു സമൂഹം വീഴില്ല

കുളക്കട പ്രസന്നൻ

ഇന്ത്യ ജനാധിപത്യ രാജ്യമാണ്. നല്ലതിനെ നല്ലത് എന്നും തെറ്റിനെ തെറ്റ് എന്നും പറയാനുള്ള ഇടമാണ് ജനാധിപത്യം. സഖാവ് എൻ.കെ. പ്രേമചന്ദ്രൻ്റെ പാർലമെന്റ് പ്രവർത്തനം മികച്ചതെന്ന് ഏവരും ഒരേ രീതിയിൽ പറയുമ്പോൾ അതിൽ നിന്ന് വ്യത്യസ്തമായി പറയുന്ന ഒരു കൂട്ടർ ഉണ്ട്. അതിൽ രാഷ്ട്രീയാന്ധത പൂണ്ട സിപിഎം ലെ ചിലർ മാത്രം. സഖാവ് എൻ.കെ. പ്രേമചന്ദ്രൻ്റെ പാർലമെൻ്റിലെ പ്രവർത്തന മികവിൽ അഭിനന്ദിക്കാനുള്ള നിങ്ങളുടെ സങ്കുചിത ചിന്ത അനുവദിക്കുന്നില്ലെന്ന് പൊതു സമൂഹത്തിനറിയാം.

പഞ്ചായത്ത് മെമ്പർ, ലോക്സഭാ അംഗം, രാജ്യസഭാ അംഗം, നിയമസഭാംഗം, സംസ്ഥാന മന്ത്രി എന്നി നിലകളിൽ സുവ്യക്തവും സുദൃഢവും സുശക്തവുമായ പ്രവർത്തനം നടത്തിയിട്ടുള്ള സഖാവ് എൻ.കെ പ്രേമചന്ദ്രൻ അദ്ദേഹത്തിൻ്റെ പൊതുജീവിതം തുറന്ന പുസ്തകമാണ്. അദ്ദേഹത്തിൻ്റെ രാഷ്ട്രീയ ജീവിതത്തിൽ പൗരപ്രമുഖരെന്നും ദരിദ്രജനങ്ങളെന്നും വേർതിരിവില്ല. ഏതൊരു വ്യക്തിയുടെയും ഫോൺകോൾ പോലും ക്ഷമയോടെ കേട്ട് പരിഹാരം കണ്ടെത്താൻ ശ്രമിക്കുന്നു. അഴിമതി ആരോപണങ്ങളില്ല. ഒരു മനുഷ്യൻ എന്ന നിലയിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന തെറ്റുകുറ്റങ്ങൾ പോലും ഉണ്ടാവാതെ പൊതു പ്രവർത്തനത്തിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് സഖാവ് എൻ.കെ. പ്രേമചന്ദ്രൻ.

കേരളത്തിലെ ചില സി പി എമ്മുകാർ സൂക്ഷ്മദർശിനിയിലൂടെ സഖാവ് എൻ.കെ.പ്രേമചന്ദ്രനെ നിരീക്ഷിക്കുകയാണ്. അപ്പോൾ അവർ കണ്ടെത്തുന്ന ചില ആരോപണങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ തമാശയ്ക്ക് വക നൽകുന്നു.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് കാണണമെന്ന് പറഞ്ഞു വന്ന ഫോൺ കോളിൻ്റെ അടിസ്ഥാനത്തിൽ ഒരു എംപിയെന്ന നിലയിൽ അവിചാരിതമായി ക്യാൻ്റീൻ എത്തി മറ്റുള്ളവർക്കൊപ്പം പ്രധാനമന്ത്രിയുമായി ഭക്ഷണം കഴിച്ചു എന്ന സി പി എം നാടകം പൊളിഞ്ഞു. പ്രധാനമന്ത്രിയുമായി ഒരു രഹസ്യ ചർച്ച നടന്നുവെങ്കിൽ വിമർശിക്കാമായിരുന്നു. പിന്നീടിതാ സി പി എമ്മിൻ്റെ രണ്ടാം നാടകം. കൊല്ലത്ത് ആർ ഒ ബി ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രിയെ പ്രശംസിച്ചെ എന്നു പറഞ്ഞാണ്.

പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ പൂർത്തിയാകുന്നതുവരെ അവലോകനം ഉണ്ടാകുമെന്നും നിർവ്വഹണ ഏജൻസിയെ നിശ്ചയിക്കുതിലെ തടസ്സം നീക്കിയതിന് സംസ്ഥാന സർക്കാരിനെ അഭിനന്ദിച്ചതിലും ഒരു ജനപ്രതിനിധി എന്ന നിലയിൽ ഒരു എംപിയുടെ കടമയാണ്.

നരേന്ദ്ര മോദി സർക്കാർ അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കുന്ന വേളയിലല്ല സഖാവ് എൻ.കെ. പ്രേമചന്ദ്രന് പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നു ക്ഷണമുണ്ടായത്. സഖാവ് എൻ.കെ. പ്രേമചന്ദ്രൻ രഹസ്യമായി പ്രധാനമന്ത്രിയുടെ ഓഫീസിലോ, ബിജെപി ഓഫീസിലോ പോയിട്ടില്ല. അദ്ദേഹം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പദ്ധതികൾ പൂർത്തിയാകുന്നതു വരെ അവലോകനം ചെയ്യുമെന്ന് പറഞ്ഞത് പൊതുപരിപാടിയിലോ, രാഷ്ട്രീയ പരിപാടിയിലോ അല്ല. എന്നു മാത്രമല്ല, അത് ഏതു പ്രധാനമന്ത്രിയെന്ന് എടുത്തു പറയുന്നില്ല. അതുകൊണ്ട് സാമാന്യബോധമുള്ളവർക്ക് മനസ്സിലാക്കാൻ കഴിയുന്നത് ഏതൊരു പ്രധാനമന്ത്രിയുടെയും കാലത്തെയും പ്രധാനമന്ത്രിയുടെ ഓഫീസിനെയുമാണ് ഉദ്ദേശിക്കുന്നത് എന്ന്.

എൽഡിഎഫ് ചർച്ചയ്ക്ക് തയ്യാറാകേണ്ടത് തുടർഭരണത്തിൽ എന്തേലും നേട്ടമുണ്ടെങ്കിൽ അതാണ്. അതില്ലാതെ രാഷ്ട്രീയ എതിരാളികൾക്കെതിരെ രാഷ്ട്രീയാടിസ്ഥാനമില്ലാത്ത കോമാളിത്തരവുമായി ഇറങ്ങുന്നത് രാഷ്ട്രീയ പ്രബുദ്ധതയല്ല. ശരിയും ശരികേടും രാഷ്ട്രീയത്തിൽ ചർച്ച ചെയ്യപ്പെടും. അതിനുള്ള വേദിയാണ് ഓരോ തെരഞ്ഞെടുപ്പും. കോൺഗ്രസിനെ തോൽപ്പിക്കാൻ ഏതു ചെകുത്താനുമായി കൂട്ടുകൂടുമെന്ന് പറഞ്ഞത് സഖാവ് ഇ എം എസാണ്. ആ രാഷ്ട്രീയം ഇന്നും തുടരുന്നത് ആരെന്നത് രഹസ്യമല്ല.

മുതിർന്ന ലോക്സഭാംഗം എന്ന നിലയിൽ സ്പീക്കർ പാനലിൽ ഉള്ള വ്യക്തിയാണ് സഖാവ് എൻ.കെ. പ്രേമചന്ദ്രൻ. സ്പീക്കർ കസേരയിൽ ഇരുന്ന് കൊണ്ട് ബിജെപി സർക്കാരിന് അനുകൂലമായി അദ്ദേഹം നിന്നിട്ടില്ല എന്നതു ശ്രദ്ധേയമാണ്. പാർലമെൻ്റിൽ ഇക്കാലയളവിൽ ഓരോ വിഷയത്തിലും കേന്ദ്ര സർക്കാരിനെതിരെ വായ തുറന്ന് അഭിപ്രായം പറഞ്ഞിട്ടുള്ള വ്യക്തിത്വമാണ് സഖാവ് എൻ.കെ. പ്രേമചന്ദ്രൻ. ഇതൊക്കെ മറച്ചുവെച്ചു കൊണ്ട് ഇല്ലാ കഥ പ്രചരിപ്പിക്കുന്നത് അരാഷ്ട്രീയ വിത്ത് എന്ന വിപത്താണ്.

തെരഞ്ഞെടുപ്പ് വരുമ്പോൾ ബി ജെ പിയും സിപിഎമ്മും ജനരോഷം മാറ്റാൻ ചില കഥകളുമായി രംഗത്തു വരും. അതിൽ ചിലത് ഇപ്പോഴും ഓർക്കുന്നില്ലെ, മുതലയെ പിടിച്ച് വീട്ടിൽ കൊണ്ടുവന്ന കഥ ഒരാൾ പറയുമ്പോൾ മറ്റൊരാൾ പറഞ്ഞത് ഊരി പിടിച്ച കത്തിക്കും ഉയർത്തി പിടിച്ച വാളിനും മുന്നിലൂടെ നടന്നത്. അതിൽ ചില പരീക്ഷണങ്ങളാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ സംശുദ്ധ വ്യക്തിത്വങ്ങളെ അക്ഷേപിക്കുവാൻ നടത്തുന്ന ഹീനശ്രമങ്ങളും. ഫാസിസ്റ്റുകൾ എക്കാലവും അങ്ങനെയാണ്. സി പി എമ്മും ബി ജെ പിയും രാഷ്ട്രീയത്തിൽ അരാഷ്ട്രീയ വിത്ത് വിതയ്ക്കും. അത് വളരുവാൻ വെള്ളവും വളവും നൽകുന്നത് വിപത്താണെന്ന് പൊതു സമൂഹത്തിന് തിരിച്ചറിവുണ്ട്. ആ തിരിച്ചറിവിലാണ് ഇക്കൂട്ടർ സൃഷ്ടിക്കുന്ന അരാഷ്ട്രീയ വിത്തുകൾ അന്തകവിത്തുകളായി മുള പൊട്ടാതിരിക്കുന്നതും.

Leave a Reply

Your email address will not be published. Required fields are marked *