ലോക്‌സഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ കന്നഡ നടൻ ശിവരാജ്‌കുമാറിൻ്റെ സിനിമകളും പരസ്യങ്ങളും പ്രദർശിപ്പിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ശിവരാജ്കുമാർ കോൺഗ്രസിനായി സജീവമായി പ്രചാരണം നടത്തുന്നുണ്ടെന്നാണ് ബിജെപി ആരോപണം. ഇതോടെയാണ് ബാൻ ചെയ്യണമെന്ന ആവശ്യമായി ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. ശിവരാജ്കുമാറിൻ്റെ ഭാര്യ ഗീത ശിവരാജ്കുമാറാണ് ശിവമൊഗ്ഗ ലോക്‌സഭാ സീറ്റിലെ കോൺഗ്രസ് സ്ഥാനാർത്ഥി, നടൻ അടുത്തിടെ അവരുടെ പ്രചാരണത്തിൽ പങ്കെടുത്തിരുന്നു.
ശിവരാജ് കുമാറിൻ്റെ സ്വാധീനവും ജനപ്രീതിയും കണക്കിലെടുത്ത്, സിനിമാ തിയേറ്ററുകൾ, ടിവി ചാനലുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, പ്രാദേശിക സംഘടനകൾ എന്നിവയ്ക്ക് ശിവരാജ്കുമാറിൻ്റെ സിനിമകൾ, പരസ്യങ്ങൾ അല്ലെങ്കിൽ പരസ്യബോർഡുകൾ എന്നിവ പ്രദർശിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ അടിയന്തര നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ബി ജെ പി പറഞ്ഞു കഴിഞ്ഞു. 28 ലോക്‌സഭാ സീറ്റുകളുള്ള കർണാടകയിൽ രണ്ട് ഘട്ടങ്ങളിലായി ഏപ്രിൽ 26നും മെയ് 7നും വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണൽ ജൂൺ നാലിന് നടക്കും.
മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ, കന്നഡയിൽ 125-ലധികം സിനിമകളിൽ ശിവരാജ് കുമാർ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നാല് കർണാടക സ്റ്റേറ്റ് ഫിലിം അവാർഡുകൾ, നാല് ഫിലിംഫെയർ അവാർഡുകൾ സൗത്ത്, ആറ് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡുകൾ എന്നിവയുൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
ആരാധകർ അദ്ദേഹത്തെ സ്നേഹപൂർവ്വം ശിവണ്ണ എന്നും വിളിക്കുന്നു. ശ്രീ ശ്രീനിവാസ കല്യാണ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചത്.
