ബിസ്ക്കറ്റ് കഴിക്കുക എന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. എന്നാൽ ചിലർക്ക് ബിസ്ക്കറ്റ് ഇല്ലാതെ ഒരു ദിവസം പോലും മുന്നോട്ട് പോവാൻ കഴിയില്ല. ബിസ്ക്കറ്റും മറ്റ് പാക്കറ്റ് ഭക്ഷണങ്ങളും നമ്മുടെ ജീവിതചര്യയുടെ ഭാഗമായി തീർന്നിരിക്കുകയാണ്.ബിസ്ക്കറ്റ് പ്രേമികൾ സൂക്ഷിക്കുക, നിങ്ങൾക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. ബിസ്ക്കറ്റിന്റെ അമിത ഉപയോഗം മനുഷ്യനെ ടൈപ്പ് രണ്ട് പ്രമേഹത്തിലേക്ക് നയിക്കുന്നുവെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ. ബിസ്‌ക്കറ്റ്, കേക്ക് തുടങ്ങിയവ ഏറെകാലം കേടുകൂടാതെ ഇരിക്കുന്നതിനും, ഭംഗിക്കുമായി ചേർക്കുന്ന എമൽസിഫയറുകളാണ് പ്രേമേഹം വരുത്തുന്നത്.
ഫുഡ് അഡിറ്റീവ് എമൽസിഫയറുകൾ അടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ടൈപ്പ് രണ്ട് പ്രമേഹത്തിനുള്ള സാധ്യതകൾ ഉയർത്തുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. രണ്ട് ദ്രാവകങ്ങൾ മിശ്രണം ചെയ്യാൻ സഹായിക്കുന്ന അഡിറ്റീവായ എമൽസിഫയർ, കേക്കുകൾ, ബിസ്‌ക്കറ്റുകൾ, തൈര്, ഐസ്‌ക്രീമുകൾ, ചോക്ലേറ്റുകൾ തുടങ്ങിയ സംസ്‌കരിച്ച ഭക്ഷണ പദാർഥങ്ങളിൽ ഭംഗി വർദ്ധിപ്പിക്കുന്നതിനും കൂടുതൽ കാലം കേടുകൂടാതെ ഇരിക്കുന്നതിനുമാണ് സാധാരണയായി ഉപയോഗിക്കുന്നത്.
ഫാറ്റി ആസിഡുകൾ, മോണോ-ഡി ഗ്ലിസറൈഡ്, കടൽപായലിൽ നിന്ന് വേർതിരിച്ചെടുക്കുന്ന കാരജീനൻസ്, ലെസിത്തിൻസ്, ഫോസ്ഫേറ്റുകൾ, സെല്ലുലോസുകൾ, പെക്റ്റിനുകൾ തുടങ്ങിയ എമൽസിഫയറുകൾ ടൈപ്പ് രണ്ട് പ്രമേഹം വരാനുള്ള അപകടസാധ്യത വർദ്ധിപ്പിക്കുന്നു. ആദ്യ അവലോകനങ്ങളിൽ എമൽസിഫയറുകൾ സുരക്ഷിതമാണെന്ന് കണക്കാക്കപ്പെട്ടിരുന്നുവെങ്കിലും, സമീപകാല ഗവേഷണങ്ങളിൽ ഇവ അപടകാരികളാണെന്ന് കണ്ടെത്തുകയായിരുന്നു. എമൽസിഫയറുകൾ കുടലിൽ അസ്വസ്ഥകൾ ഉണ്ടാക്കുകയും, മെറ്റബോളിക് ഡിസോർഡറുകൾക്കും കാരണമാകുമെന്ന് കണ്ടെത്തുകയായിരുന്നു. കൂടാതെ ഇവ ശരീരത്തിലെ ഇൻസുലിൻ ഉത്പാദനത്തെ തകരാറിലാക്കുന്നു.
ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന എൻഡോക്രൈൻ മെറ്റബോളിക് രോഗമാണ് പ്രമേഹം. ശരിയായ രീതിയിൽ നിയന്ത്രിക്കാൻ ആരോഗ്യകരമായ ഭക്ഷണ രീതികൾ പാലിക്കേണ്ടതുണ്ട്. ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ചെറുപയർ, പോലുള്ള പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, കഴിക്കുന്നതാണ് പ്രമേഹ രോഗികൾക്ക് ഉത്തമം. കൂടാതെ, പ്രമേഹമുള്ളവർ കഴിക്കുന്ന ഉപ്പിൻ്റെ അളവ് കുറയ്ക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഉപ്പ് രക്തസമ്മർദ്ദം വർദ്ധിക്കാൻ ഇടയാക്കുന്നതിനാൽ ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും, പക്ഷാഘാതത്തിനുമുള്ള സാധ്യതയും വർദ്ധിപ്പിക്കും. ഒരു ദിവസം ആറ് ഗ്രാമിൽ കൂടുതൽ ഉപ്പ് കഴിക്കരുതെന്നാണ് വിദഗ്ധ പഠനങ്ങൾ ചൂണ്ടി കാണിക്കുന്നത്. അതോടൊപ്പം, പഞ്ചസാരയുടെ ഉപയോഗത്തിന്റെ അളവ് കുറക്കേണ്ടതും അത്യാവശ്യമാണ്.

 
                                            