പരിപാടി തുടങ്ങാന്‍ വൈകിയതില്‍ പ്രതിഷേധിച്ച് വേദി വിട്ടിറങ്ങി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. ആലപ്പുഴയില്‍ നടക്കാനിരുന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് സംഭവം നടന്നത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാത്തതില്‍ ക്ഷോഭിച്ച് സുധാകരന്‍ വേദി വിട്ടിറങ്ങുകയായിരുന്നു. സിബിസി വാര്യര്‍ സ്മൃതി പരിപാടിയില്‍ പുരസ്‌കാരം നല്‍കുന്നതിനായാണ് ജി സുധാകരനെ ക്ഷണിച്ചത്. നിശ്ചയിച്ച സമയത്തിന് അല്പം മുമ്പേ തന്നെ ജി. സുധാകരന്‍ പരിപാടികള്‍ക്ക് എത്താറുണ്ട്. പത്ത് മണിക്ക് മുമ്പ് തന്നെ സുധാകരന്‍ ശനിയാഴ്ചത്തെ പരിപാടിക്കെത്തി. നേരത്തെ ലഭിച്ച അറിയിപ്പ് പ്രകാരം കൃത്യസമയത്ത് തന്നെ സുധാകരനെത്തി.
എന്നാല്‍ ഏറെ കാത്തിരുന്നിട്ടും സംഘാടകരേയോ പ്രവര്‍ത്തകരേയോ കണ്ടില്ല. അരമണിക്കൂറോളം അദ്ദേഹം വേദിയില്‍ തുടര്‍ന്നു. ക്ഷണിക്കപ്പെട്ട മറ്റതിഥികള്‍ എത്തിയില്ല. ഉദ്ഘാടനം ചെയ്യേണ്ട അതിഥി എത്തിയത് പത്തരയ്ക്ക് ശേഷമാണ്. തുടര്‍ന്ന് പതിനൊന്ന് മണിയോടെ പരിപാടി തുടങ്ങവെ ജി സുധാകരന്‍ സംഘാടകരോട് ക്ഷോഭിച്ച് വേദി വിടുകയായിരുന്നു. പരിപാടി തുടങ്ങാന്‍ വൈകുന്നതില്‍ അദ്ദേഹം ജില്ലാ സെക്രട്ടേറിയറ്റ്- ഏരിയ കമ്മിറ്റി അംഗങ്ങളോട് അമര്‍ഷം വേദിയില്‍വെച്ചുതന്നെ പ്രകടിപ്പിച്ചു. തുടര്‍ന്നും 20 മിനിറ്റോളം അദ്ദേഹം വേദിയില്‍ ഇരുന്നു. എന്നിട്ടും പരിപാടി തുടങ്ങാത്തതിനെത്തുടര്‍ന്നാണ് അദ്ദേഹം വേദിവിട്ട് ഇറങ്ങിയത്.
ജില്ലാ സെക്രട്ടേറിയറ്റ് അംഗവും, ജില്ലാപഞ്ചായത്തംഗവും ഏരിയാ കമ്മിറ്റി നേതാവും പിന്നാലെ പോയി പരിപാടി അല്പസമയത്തിനകം ആരംഭിക്കുമെന്ന് അറിയിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പിന്നീട് അഞ്ചുമിനിറ്റിന് ശേഷം പരിപാടി തുടങ്ങി. മന്ത്രി സജി ചെറിയാന് ഔദ്യോഗികമായ തിരക്കുകള്‍ ഉള്ളതിനാല്‍ എത്താന്‍ കഴിയില്ലെന്നാണ് പിന്നീട് സംഘാടകര്‍ അറിയിച്ചത്. അതേസമയം ചാരുംമൂട്ടില്‍ നേരത്തെ നിശ്ചയിച്ച മറ്റൊരു പരിപാടി ഉണ്ടായിരുന്നതിനാലാണ് വേദിവിട്ടിറങ്ങിയതെന്നാണ് സുധാകരന്റെ വിശദീകരണം.

 
                                            