ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ തള്ളി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ശുദ്ധ മര്യാദകേടാണ് അച്ചു ഉമ്മനെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണമെന്ന് ജെയ്ക് പറഞ്ഞു. അന്തസ്സുള്ളവര്‍ അതിനെ പിന്തുണയ്ക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സൈബര്‍ ആക്രമണം മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും, മുഖ്യമന്ത്രിയുടെ തന്നെ മകള്‍ക്കെതിരെ ആയാലും അംഗീകരിക്കാനാവില്ല. വ്യക്തി അധിക്ഷേപത്തെ അന്തസ്സുള്ളവര്‍ പിന്തുണയ്ക്കില്ലെന്നും ജെയ്ക് വ്യക്തമാക്കി. അച്ചു ഉമ്മന്റെ വസ്ത്രങ്ങളും, അതിന്റെ വിലയുമെല്ലാം ചൂണ്ടിക്കാണിച്ചായിരുന്നു അപകീര്‍ത്തികരമായ പ്രചാരണം.
കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങളും, ബാഗുകളുടെയും അടക്കം വിലയടക്കം ഉപയോഗിച്ച് അപകീര്‍ത്തിപരമായ രീതിയിലായിരുന്നു പ്രചരിച്ചത്. ഇതിനെ പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ തനിക്കെതിരെയുള്ള സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി അച്ചു ഉമ്മന്‍ രംഗത്ത് വന്നിരുന്നു. പിതാവിന്റെ പേര് ഉപയോഗിച്ച് താന്‍ ഒരു നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്നും, തന്റെ ജോലിയാണ് താന്‍ ചെയ്യുന്നതെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.
ഞാന്‍ ചെയ്ത് എല്ലാ കാര്യങ്ങളിലും സുതാര്യത പുലര്‍ത്തുന്നുണ്ട്. എന്നാല്‍ കുറച്ച് ദിവസങ്ങളായി ചില സൈബര്‍ പോരാളികള്‍ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നുണ്ട്. ഇതെല്ലാം അടിസ്ഥാനരഹിതമാണ്. ഉമ്മന്‍ ചാണ്ടിയുടെ പേര് എന്റെ ചെറിയൊരു നേട്ടത്തിന് വേണ്ടി പോലും ഉപയോഗിച്ചിട്ടില്ലെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
പുതിയ മോഡല്‍ വസ്ത്രങ്ങള്‍, ഫാഷന്‍ സമീപനങ്ങള്‍, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭര്‍ത്താവിന്റെയും കുട്ടികളുടെയും പൂര്‍ണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അച്ചു ഉമ്മന്‍ പരഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു അച്ചു ഉമ്മനെതിരെ സോഷ്യല്‍മീഡിയയില്‍ വ്യാപകമായ സൈബര്‍ ആക്രമണം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാസപ്പടി വിവാദങ്ങളില്‍ വിമര്‍ശനം കടുക്കുന്നതിനിടെയായിരുന്നു അച്ചു ഉമ്മനെതിരെ സൈബര്‍ ആക്രമണമുണ്ടായത്.
വീണാ വിജയനെ മാത്രം ഓഡിറ്റ് ചെയ്താല്‍ മതിയോ എന്നായിരുന്നു പല പ്രൊഫൈലുകളില്‍ നിന്നും ചോദ്യമുയര്‍ന്നത്. അച്ചുവിന്റെ ഇന്‍സ്റ്റഗ്രാം വീഡിയോസും മോഡലിങ്ങ് ചിത്രങ്ങളും വെച്ച്, അത്യാഢംബര ജീവിതം നയിക്കുന്ന അച്ചുവിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പരിശോധിക്കണം എന്നായിരുന്നു ആരോപണങ്ങള്‍.

 
                                            