തിരുവനന്തപുരം ജില്ലയിൽ വാമനപുരത്ത് 28-10-2024 മുഖ്യമന്ത്രിയുടെ വാഹനം അപകടത്തിൽ പെട്ടു. ആറ് അകമ്പടി വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പോലീസ് വാഹനം അമിത വേഗത്തിൽ ഓവർടേക്കിന് ശ്രമിക്കുന്നതിനിടെ സ്കൂട്ടർ യാത്രക്കാരിയെ ഇടിക്കാൻ ശ്രമിച്ചതാണ് അപകടത്തിന് വഴി വച്ചത്. മുഖ്യമന്ത്രിയുടെ കാറിന്‍റെ മുന്നിലും പിന്നിലും ഇടി കിട്ടിയതോടെ വാഹനം നിർത്തി. മുഖ്യമന്ത്രിയുടെ ജീവൻ തന്നെ അപകടത്തിൽ പെടുന്ന അവസ്ഥയായിരുന്നു. ഭാഗ്യവശാൽ മുഖ്യമന്ത്രി ഉൾപ്പെടെ ആർക്കും പരുക്കില്ല.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഒന്നാം നമ്പർ കാർ അടക്കം മൂന്ന് കറുത്ത കാർ, പിന്നാലെ വന്ന രണ്ട് പൊലീസ് ജീപ്പും ആംബുലൻസും. കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വാമനപുരം കഴിഞ്ഞപ്പോഴാണ് ഈ കൂട്ടയിടി. സുരക്ഷാ ഉദ്യോഗസ്ഥർ ഇറങ്ങി പരിശോധിച്ച് മുഖ്യമന്ത്രിക്കും വാഹനത്തിനും പ്രശ്നമില്ലെന്ന് ഉറപ്പിച്ച് യാത്ര തുടർന്നു. കമാൻഡോ വാഹനം ഉൾപ്പടെയുള്ള പൊലീസ് ജീപ്പുകൾ തകരാറിലായി വഴിയിൽ കിടന്നു. അകമ്പടി വാഹനങ്ങളുടെ മരണപ്പാച്ചിലാണ് അപകടത്തിന് കാരണമെന്നത് ദൃശ്യങ്ങളിൽ വ്യക്തം.
കൃത്യമായ അകലം പാലിക്കാതെയും, കുറ്റകരമായ അമിതവേഗത്തിലും, നിരോധിത മേഖലയിലൂടെ, ഗതാഗതം നിയന്ത്രിക്കാത്ത റോഡിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെയും മറ്റ് അകമ്പടി വാഹനങ്ങളും ചീറിപ്പാഞ്ഞത്. അപകടമുണ്ടാക്കിയ മുഖ്യമന്ത്രിയുടെയും , അകമ്പടി വാഹനങ്ങളുടെയും ഡ്രൈവർമാർ മദ്യപിച്ചിരുന്നോ എന്ന് സംശയമുണ്ട്. മുഖ്യമന്ത്രി കടന്നുപോകുന്ന വഴികളിൽ എടുക്കേണ്ട മുൻകരുതലുകൾ ഒന്നും തന്നെ പോലീസ് അപകടമുണ്ടായ റോഡിൽ എടുത്തിട്ടുമില്ല. അതുകൊണ്ടുതന്നെ ആ സമയം അതുവഴി കടന്നുവന്ന സ്കൂട്ടർ യാത്രക്കാരി ഇൻഡിക്കേറ്റർ ഇട്ട്, പതുക്കെ ശ്രദ്ധാപൂർവം റോഡിന്‍റെ വലത് വശത്തേക്ക് കടന്ന് പോകാൻ ശ്രമിക്കുകയായിരുന്നു. ഓവർടേക്കിങ് നിരോധിച്ച ഇവിടെ റോഡിന്‍റെ മധ്യത്തെ ഇരട്ട മഞ്ഞ ലൈനും കടന്ന് തെറ്റായി ഓവർടേക്ക് ചെയ്ത് അകമ്പടി വാഹനം കയറിവരുകയും, സ്കൂട്ടർ കണ്ട് പെട്ടന്ന് ബ്രേക്കിട്ടതുമാണ് കൂട്ടയിടിക്ക് കാരണം. സ്കൂട്ടർ യാത്രക്കാരിയും രക്ഷപെട്ടത് തലനാരിഴക്കാണ്.
സാധാരണ പൊതുജനങ്ങളുടെ വാഹനങ്ങളാണ് ഇതുപോലെ അപകടമുണ്ടാക്കിയിരുന്നത് എങ്കിൽ പോലീസും ട്രാഫിക് വിഭാഗവും എന്തെല്ലാം നിയമപരമായ നടപടികൾ സ്വീകരിക്കുമായിരുന്നു ? ഇസ്സെഡ് കാറ്റഗറിയിലുള്ള കേരളത്തിലെ മുഖ്യമന്ത്രിയുടെ ജീവന് തന്നെ ഭീഷണി ഉണ്ടാക്കുന്ന തരത്തിലുള്ള ഒരു അപകടമാണ് നടന്നത്. ആ അപകടത്തിന് കാരണക്കാരായവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാൻ യാതൊരുവിധ നിയമ തടസ്സങ്ങളും ഇല്ല. അതിനാൽ സമക്ഷത്തിൽ നിന്നും ദയവുണ്ടായി അപകട ദൃശ്യങ്ങളുടെ വീഡിയോകൾ പരിശോധിച്ച് കുറ്റക്കാർക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്ന് കേരളത്തിലെ മുഖ്യമന്ത്രിയെ സ്നേഹിക്കുന്ന പരാതിക്കാരൻ താല്പര്യപ്പെടുന്നു.
