മദ്യനയ കേസില്‍ അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിഷയത്തില്‍ വിദേശ രാജ്യങ്ങള്‍ ഇടപെടേണ്ടെന്ന് മുന്നറിയുപ്പുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്തെതി. മറ്റു രാജ്യങ്ങള്‍ സ്വന്തം വിഷയങ്ങള്‍ പരിഹരിച്ചാല്‍ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അറസ്റ്റിനെതിരെ നാളെ ദില്ലിയില്‍ നടക്കാനിരിക്കുന്ന റാലി, ശക്തിപ്രകടനമാക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ ശ്രമം.
ദില്ലി രാം ലീല മൈതാനിയിലാണ് നാളെ ഇന്ത്യ സഖ്യത്തിന്റെ റാലി നടക്കുന്നത്. പരമാവധി ജനങ്ങളെ പങ്കെടുപ്പിക്കാന്‍ ദില്ലിയില്‍ വീടുകയറി പ്രചാരണം തുടരുകയാണ്. റാലിയില്‍ രാഹുല്‍ ഗാന്ധിയും, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും, ശരദ് പവാറും, തെജസ്വി യാദവും, സീതാറാം യെച്ചൂരിയും ഉള്‍പ്പടെ പ്രധാനപ്പെട്ട എല്ലാ നേതാക്കളും പങ്കെടുക്കുമെന്ന് ദില്ലി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. കെജ്രിവാളിനെ ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലുള്‍പ്പെട്ട ഗോവയിലെ നേതാക്കള്‍ക്കൊപ്പം ഇരുത്തി ദില്ലി മുഖ്യമന്ത്രിയെ ചോദ്യം ചെയ്യുമെന്നാണ് ഇഡി അറിയിച്ചത്.

 
                                            