കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസില്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. ആളുകള്‍ ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില്‍ തന്നെ അതൃപ്തി അറിയിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ അധ്യക്ഷനും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ നേതാവുമായ കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി രംഗത്തെത്തി. സദസ് ഒഴിയുന്നത് കണ്ട് ആളുകളെ പിടിച്ചിരുത്താന്‍ കെഎന്‍ ബാലഗോപാല്‍ ഇടപെട്ടെങ്കിലും ഫലമുണ്ടായില്ല. അബ്ദുള്‍ അസീസ് മൗലവിയുടെ പ്രസംഗം തുടങ്ങിയ ഉടനെ മുഖ്യമന്ത്രിയും വേദി വിട്ടു. തന്റെ അത്യപ്തി ഉടന്‍ തന്നെ അബ്ദുള്‍ അസീസ് മൗലവി തുറന്നു പറഞ്ഞു.
പീരങ്കി മൈതാനത്തെ പൗരത്വ സംരക്ഷണ സദസിലായിരുന്നു സംഭവം. നോമ്പ് തുറന്ന് നിസ്‌കാരവും കഴിഞ്ഞ് ഇസ്ലാം മത പണ്ഡിതര്‍ 7.15 ഓടെയാണ് ഇവിടേക്ക് എത്തിയത്. മുഖ്യമന്ത്രി ഏഴരയ്ക്ക് എത്തി. മന്ത്രിമാരായ ചിഞ്ചു റാണിയും കെ ബി ഗണേഷ് കുമാറുമാണ് ആദ്യം സംസാരിച്ചത്. ഇടത് സ്ഥാനാര്‍ത്ഥി എം.മുകേഷ് ഭരണഘടന വായിച്ചു. 7.40 ന് തുടങ്ങിയ മുഖ്യമന്ത്രിയുടെ പ്രസംഗം ഒരു മണിക്കൂര്‍ നീണ്ടു. പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. യോഗത്തിന്റെ അധ്യക്ഷന്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു നോക്കിയെങ്കിലും 90 ശതമാനം കസേരയും കാലിയായി.
